Friday, January 10, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsധനമന്ത്രി ദയനീയ പരാജയം; കേരളം നികുതിവെട്ടിപ്പുകാരുടെ പറുദീസയായി': വി ഡി സതീശൻ

ധനമന്ത്രി ദയനീയ പരാജയം; കേരളം നികുതിവെട്ടിപ്പുകാരുടെ പറുദീസയായി’: വി ഡി സതീശൻ

തിരുവനന്തപുരം: സംസ്ഥാനത്തെ ധനസ്ഥിതി ദയനീയമാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. ധനമന്ത്രി ദയനീയ പരാജയമാണെന്ന് നിയമസഭയിൽ അടിയന്തരപ്രമേയ അനുമതിക്ക് മേലുള്ള ചർച്ചയിൽ പ്രതിപക്ഷനേതാവ് പറഞ്ഞു. കേരളം ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. ആ യാഥാര്‍ത്ഥ്യം തിരിച്ചറിയണം. ഒരു കുഴപ്പവുമില്ലെന്ന് ഒരു സ്ഥലത്ത് പറയുകയും മറ്റൊരിടത്ത് കുഴപ്പമാണെന്നുമാണ് പറയുന്നത്. ഭരണകക്ഷി അംഗങ്ങള്‍ തന്നെ പരസ്പരവിരുദ്ധമായാണ് സംസാരിച്ചത്. ചിലര്‍ പറഞ്ഞത് കേരളത്തിന് ഒരു കുഴപ്പവുമില്ലെന്നാണെന്നും വി ഡി സതീശൻ ചൂണ്ടിക്കാട്ടി.

സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ റിട്ട് പെറ്റീഷനെങ്കിലും ഭരണകക്ഷി അംഗങ്ങള്‍ വായിക്കണമെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. സംസ്ഥാനത്തിന്റെ ധനസ്ഥിതിയെ കുറിച്ച് അതിലുണ്ട്. രാവിലെ ധനകാര്യ മന്ത്രിയും പറഞ്ഞത് ട്രഷറിക്ക് ഒരു കുഴപ്പവുമില്ലെന്നാണ്. ട്രഷറി താഴിട്ട് പൂട്ടി അതിന്റെ താക്കോലും പോക്കറ്റിലിട്ടാണ് ധനമന്ത്രി നടക്കുന്നതെന്ന് വി ഡി സതീശൻ പരിഹസിച്ചു.

തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഓഗസ്റ്റില്‍ നല്‍കേണ്ട രണ്ടാം ഗഡു ഡിസംബറില്‍ മെയിന്റനന്‍സ് ഗ്രാന്റ് ഒഴികെ കുറച്ച് നല്‍കി. പുല്ല് വെട്ടിയതിനുള്ള ബില്‍ നല്‍കിയാല്‍ പോലും ട്രഷറിയില്‍ നിന്നും പണം ലഭിക്കില്ല. ഓട പണിയാനുള്ള കാശുപോലും കയ്യിലില്ലാത്ത സര്‍ക്കാരാണിത്. കുഞ്ഞുങ്ങളുടെ ഉച്ചഭക്ഷണത്തിനുള്ള പണം നല്‍കാന്‍ പോലും സര്‍ക്കാരിന് സാധിക്കുന്നില്ല. ഓരോ വകുപ്പുകളുടെയും സ്ഥിതി ദയനീയമാണ്. 1500 കോടി രൂപയാണ് സപ്ലൈകോ കരാറുകാര്‍ക്ക് നല്‍കാനുള്ളത്. അവശ്യ സാധനങ്ങള്‍ പോലും മാവേലി സ്റ്റോറുകളിലില്ല. കൊട്ടിഘോഷിച്ച ലൈഫ് മിഷന് പദ്ധതി വിഹിതമായി നീക്കിവച്ച 717 കോടിയില്‍ നല്‍കിയത് വെറും 3.76 ശതമാനമാണ്. ഒരു ഭവന നിര്‍മ്മാണം പോലും സംസ്ഥാനത്ത് നടക്കുന്നില്ലെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

നിയമസഭയില്‍ ഡോക്യുമെന്റുകളുടെ ബലത്തിലാണ് സംസാരിക്കുന്നത്. വാദം ജയിക്കാന്‍ വേണ്ടി തെറ്റായ കാര്യങ്ങള്‍ നിയമസഭയില്‍ പറയില്ല. രണ്ടും മൂന്നും ഗഡുക്കള്‍ക്ക് വേണ്ടി പഞ്ചായത്ത് അംഗങ്ങളെയും ബി.ഡി.ഒമാരെയും ജനങ്ങള്‍ തടഞ്ഞു നിര്‍ത്തുകയാണ്. ജീവനക്കാര്‍ക്ക് ആറ് ഡി.എ കുടിശികയാണ് നല്‍കാനുള്ളത്. പെന്‍ഷന്‍ പരിഷ്‌ക്കരണ കുടിശിക കിട്ടാതെ ഒരു ലക്ഷത്തോളം പെന്‍ഷന്‍കാരാണ് മരിച്ചു പോയത്. 30000 മുതല്‍ 40000 കോടി രൂപ വരെയാണ് ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നല്‍കാനുള്ളത്. കെ.എസ്.ആര്‍.ടി.സിയും കെ.എസ്.ഇ.ബിയും കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡും ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ പൂട്ടലിന്റെ വക്കിലാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

ധനമന്ത്രി പറഞ്ഞത് 57000 കോടി കിട്ടാനുണ്ടെന്നാണ്. മറ്റൊരു ഭരണകക്ഷി എം.എല്‍.എ പറഞ്ഞത് 61000 കോടി കിട്ടാനുണ്ടെന്നാണ്. ജൂണ്‍ ജൂലൈ മാസത്തില്‍ ധനമന്ത്രി കേന്ദ്ര ധനകാര്യ മന്ത്രിക്ക് അയച്ച കത്തില്‍ 32000 കോടി കിട്ടാനുണ്ടെന്നാണ് പറയുന്നത്. റവന്യൂ ഡെഫിസിറ്റ് ഗ്രാന്റും ജി.എസ്.ടി കോംമ്പന്‍സേഷനും കടമെടുക്കല്‍ പരിധിയും കഴിഞ്ഞാല്‍ 3600 കോടി മാത്രമാണ് കിട്ടാനുള്ളത്. ഇതില്‍ നിന്നും പെന്‍ഷന്റെ പണമായി 500 കോടി ലഭിച്ചു. കേന്ദ്രം തടഞ്ഞു വച്ചിരിക്കുന്നത് 3100 കോടി രൂപമാത്രമാണെന്നാണ് സംസ്ഥാന ധനകാര്യ മന്ത്രി അയച്ച കത്തില്‍ പറയുന്നത്. മുന്‍ ധനകാര്യമന്ത്രി തോമസ് ഐസക്ക് ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റില്‍ പറയുന്നത് 5132 കോടിയാണ് കേന്ദ്രം തടഞ്ഞുവച്ചിരിക്കുന്നതെന്നാണ്. ഇതൊക്കെ എന്ത് കണക്കാണെന്ന് പറഞ്ഞാല്‍ നന്നായിരുന്നുവെന്ന് വി ഡി സതീശൻ പറഞ്ഞു.

ജി.എസ്.ടി കോംമ്പന്‍സേഷന്‍ അഞ്ച് വര്‍ഷത്തേക്ക് മാത്രമെ നല്‍കൂവെന്ന് ജി.എസ്.ടി ആക്ടില്‍ പറഞ്ഞിട്ടുണ്ട്. അഞ്ച് വര്‍ഷത്തെ കോംമ്പന്‍സേഷനും കേരളത്തിന് ലഭിച്ചു. ഒരു സംസ്ഥാനത്തിന് 14 ശതമാനത്തിന് താഴെയാണെങ്കില്‍ കോംമ്പന്‍സേഷന്‍ കിട്ടും. അങ്ങനെ 5 വര്‍ഷവും കോംമ്പന്‍സേഷന്‍ കിട്ടി. 2021-22, 2022-23 സാമ്പത്തിക വര്‍ഷങ്ങളില്‍ 20 ശതമാനം ജി.എസ്.ടി വളര്‍ച്ചയുണ്ടായെന്നാണ് മുഖ്യമന്ത്രി നല്‍കിയ കത്തില്‍ പറയുന്നത്. 20 ശതമാനം വളര്‍ച്ചാ നിരക്കെന്നത് വാദത്തിന് സമ്മതിച്ചാല്‍ ജി.എസ്.ടി കോമ്പന്‍സേഷന്‍ കേരളത്തിന് കിട്ടില്ലല്ലോ. 2017-18 ല്‍ 3 ശതമാനമായിരുന്നു ജി.എസ്.ടി വളര്‍ച്ച. 2019-20 ല്‍ -4.9 ആയി. അടുത്ത വര്‍ഷമായപ്പോഴേക്കും -0.3 ആയി. കോവിഡ് കഴിഞ്ഞപ്പോള്‍ 2021-22 ലും 2022-23 ലും ഉണ്ടായ വര്‍ധനവിനെ കുറിച്ചാണ് പറയുന്നത്. ഇത് വലിയൊരു വളര്‍ച്ചയല്ല. നോര്‍മ്മല്‍ പീരീഡില്‍ 30 ശതമാനം വളര്‍ച്ച ഉണ്ടാകേണ്ടതായിരുന്നുവെന്ന് വി ഡി സതീശൻ പറഞ്ഞു.

നടപ്പ് വര്‍ഷത്തില്‍ ഡിസംബര്‍ 31 വരെ 12 ശതമാനം വളര്‍ച്ചയെന്നാണ് ജി.എസ്.ടി റിപ്പോര്‍ട്ടില്‍ പറയുന്നത്. കേരളത്തെ കുറിച്ച് പഠിക്കാന്‍ 22 ശതാനം വളര്‍ച്ചയുളള ഹരിയാനയില്‍ നിന്നും ആളുകള്‍ വരുന്നുണ്ടെന്നാണ് രാവിലെ ധനകാര്യമന്ത്രി പറഞ്ഞത്. വാറ്റില്‍ നിന്നും ജി.എസ്.ടിക്ക് അനുകൂലമായ രീതിയില്‍ നികുതി ഭരണസംവിധാനം മാറ്റിയില്ല. ആയിരത്തോളം പേര്‍ ജി.എസ്.ടിയില്‍ ഒരു പണിയും ഇല്ലാതെ ഇരിക്കുകയാണ്. ഇതോടെ നിങ്ങളുടെ റീ സ്ട്രക്ചറിങ്. ചെക്ക്പോസ്റ്റും ക്യാമറയും ഇന്റലിജന്‍സും ഇല്ലാതെ കേരളത്തെ നികുതി വെട്ടിപ്പുകാരുടെ പറുദീസയാക്കി കേരളത്തെ മാറ്റി. നികുതി വെട്ടിപ്പ് അന്വേഷിക്കാന്‍ ഇവിടെ ആരും ഇല്ല. ഇത്രത്തോളം വലിയ നികുതിവെട്ടിപ്പ് ഒരു കാലത്തും ഉണ്ടായിട്ടില്ല. സ്വര്‍ണത്തിന് പിന്നില്‍ നടക്കുന്ന നികുതി വെട്ടിപ്പ് തടയാന്‍ എന്തെങ്കിലും നടപടി എടുത്തോ? ഗ്രാമിന് 500 രൂപ ഉണ്ടായിരുന്ന കാലത്തെ നികുതിയാണ് ഇപ്പോഴും സംസ്ഥാനത്തിന് ലഭിക്കുന്നത്. കരിഞ്ചന്തയില്‍ നടക്കുന്ന കച്ചവടം നിയന്ത്രിക്കാന്‍ എന്തെങ്കിലും നടപടി സ്വീകരിച്ചോ. നികുതി പിരിക്കുകയെന്നത് സര്‍ക്കാരിന്റെ പ്രഥമിക കടമയാണ്. ഇക്കാര്യത്തില്‍ ധനകാര്യമന്ത്രി ദയനീയമായി പരാജയപ്പെട്ടു. ഇനിയെങ്കിലും നികുതി പിരിവ് മെച്ചപ്പെടുത്താനുള്ള ശ്രമം നടത്തണണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

ഐ.ജി.എസ്.ടിയില്‍ നിന്നും മുപ്പതിനായിരം കോടി നഷ്ടപ്പെടുത്തിയെന്ന് പറഞ്ഞപ്പോള്‍ നിങ്ങള്‍ പരിഹസിച്ചു. മൂന്ന് മാസം കഴിഞ്ഞപ്പോള്‍ പ്രതിപക്ഷം പറഞ്ഞത് ശരിവച്ച് ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ട് വന്നു. 25000 കോടി നഷ്ടപ്പെട്ടെന്നാണ് അവരുടെ കണ്ടെത്തല്‍. എന്തിനാണ് നിങ്ങള്‍ എക്സ്പെന്‍ഡിച്ചര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പൂഴ്ത്തി വച്ചിരിക്കുന്നത്. ഐ.ജി.എസ്.ടിയില്‍ നിന്നും ഒറ്റ പൈസ കിട്ടാനില്ലെന്നാണ് ഭരപക്ഷത്തെ ഒരു എം.എല്‍.എ പ്രസംഗിച്ചത്. ഐ.ജി.എസ്.ടി ലഭിക്കാന്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിരുന്നെങ്കില്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനുള്ള പണമെങ്കിലും നല്‍കാമായിരുന്നുവെന്നും വി ഡി സതീശൻ പറഞ്ഞു.

2001 ലാണ് എ.കെ ആന്റണി മുണ്ട് മുറുക്കി ഉടുക്കാന്‍ പറഞ്ഞത്. 1996 മുതല്‍ 2001 വരെ നായനാര്‍ മുഖ്യമന്ത്രിയും ശിവദാസമേനോന്‍ ധനകാര്യ മന്ത്രിയുമായിരുന്ന ഒരു സര്‍ക്കാരുണ്ടായിരുന്നു. ഇത്രയും കുഴപ്പമുണ്ടാക്കിയില്ലെങ്കിലും ഇതിന്റെ അടുത്ത് എത്തിയ സര്‍ക്കാരായിരുന്നു അത്. അതുകൊണ്ടാണ് എ.കെ ആന്റണിക്ക് മുണ്ട് മുറുക്കി ഉടുക്കണമെന്ന് പറയേണ്ടി വന്നത്. അന്ന് എന്തൊരു സമരമാണ് നടത്തിയത്. ഇപ്പോള്‍ ജീവനക്കാരോട് ആറ് ഡി.എ, മെഡിസെപ്പ്, ലീവി സറണ്ടര്‍ ഇങ്ങനെ നിങ്ങള്‍ക്ക് എന്തെങ്കിലും പറയാനുണ്ടോ?

പാവങ്ങള്‍ക്കുള്ള ഹെല്‍ത്ത് കാര്‍ഡുകള്‍ ഒരു ആശുപത്രികളും എടുക്കുന്നില്ല. നിങ്ങള്‍ എങ്ങോട്ടാണ് കേരളത്തെ കൊണ്ടു പോകുന്നത്? ഈ തറവാട് നിങ്ങള്‍ മുടിപ്പിക്കുകയാണോ?

ബാറുകളുടെ എണ്ണം കൂടിയിട്ടും ഉപഭോഗം കൂടിയിട്ടും നികുതി താഴേയ്ക്ക് പോയി. ബാറുകളുടെ ടേണ്‍ ഓവര്‍ കൂടിയിട്ടും ആ പണമൊന്നും സര്‍ക്കാരിന് കിട്ടുന്നില്ല. ജി.എസ്.ടി അഡ്മിനിസ്ട്രേഷന്‍ എന്ന ഒരു സംവിധാനം പോലും സംസ്ഥാനത്തില്ല. നികുതി വെട്ടിപ്പ് തടയാന്‍ ഉത്തരവാദിത്തമുള്ള ഉദ്യോഗസ്ഥനെക്കൊണ്ട് പണപ്പിരിവ് നടത്തിയിട്ട് സമ്മാനം നല്‍കാന്‍ മുഖ്യമന്ത്രിക്കല്ലാതെ മറ്റാര്‍ക്കെങ്കിലും സാധിക്കുമോ?

സാമൂഹിക സുരക്ഷാ പദ്ധതികളും വികസന പദ്ധതികളും തകര്‍ന്നു പോകുന്ന തരത്തില്‍ കേരളത്തെ ഗുരുതരമായ ധനപ്രതിസന്ധിയിലേക്കാണ് ഈ സര്‍ക്കാര്‍ കൊണ്ടു പോകുന്നത്. ഈ അപകടകരമായ സ്ഥിതിവിശേഷമാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയതെന്നും വി ഡി സതീശൻ പറഞ്ഞു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com