തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് എത്തിച്ച പ്രതിയുടെ കുത്തേറ്റ് കൊല്ലപ്പെട്ട ഡോക്ടർ വന്ദന ദാസിന്‍റെ ചിത്രം സമൂഹമാധ്യമത്തിൽ പ്രൊഫൈൽ പിക്ചറാക്കി ആരോഗ്യമന്ത്രി വീണാ ജോർജ്. ഡോക്ടറുടെ മരണവുമായി ബന്ധപ്പെട്ട് ആരോഗ്യ പ്രവർത്തകർ സംസ്ഥാന വ്യാപകമായി പ്രതിഷേധം തുടരുന്നതിനിടെയാണ് മന്ത്രി പ്രൊഫൈൽ പിക്ചറായി വന്ദനയുടെ ചിത്രം പോസ്റ്റ് ചെയ്തത്.
ഇന്നു പുലർച്ചെ നാലരയോടെ വൈദ്യ പരിശോധനയ്ക്കായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ച സ്കൂൾ അധ്യാപകന്‍റെ കുത്തേറ്റാണ് വന്ദന കൊല്ലപ്പെട്ടത്. മറ്റു 2 പേർക്കും കുത്തേറ്റിരുന്നു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജനാണ് കോട്ടയം മാഞ്ഞൂർ മുട്ടുചിറ സ്വദേശി ഡോ. വന്ദന ദാസ്. പ്രതി നെടുമ്പനയിലെ യുപി സ്കൂൾ അധ്യാപകനായ കുടവട്ടൂർ ശ്രീനിലയത്തിൽ എസ്. സന്ദീപിനെ കോടതി റിമാൻഡ് ചെയ്തു. നിലവിൽ പൂജപ്പുര സെൻട്രൽ ജയിലിലാണ് സന്ദീപുള്ളത്.