മുഖ്യമന്ത്രിയുടെ മകൾക്കെതിരായ മാസപ്പടി വിവാദം അവഗണിക്കാൻ സിപിഐഎം തീരുമാനം. വിഷയത്തിൽ മുഖ്യമന്ത്രി പ്രതികരിക്കേണ്ട എന്നും പാർട്ടിയിൽ ധാരണ. സംസ്ഥാന സമിതിയിലും മുഖ്യമന്ത്രി വിശദീകരണം നൽകിയില്ല. എം വി ഗോവിന്ദനും മാസപ്പടി വിവാദ ചോദ്യത്തിൽ നിന്നും ഒഴിഞ്ഞുമാറി.
മാസപ്പടിയിൽ അഴിമതിയില്ലെന്ന നിലപാടിലാണ് സിപിഐഎം. കേന്ദ്രകമ്മിറ്റി യോഗങ്ങളുടെ റിപ്പോര്‍ട്ടിംഗിനൊപ്പം രാഷ്ട്രീയ സ്ഥിതിയും സമീപകാല വിവാദങ്ങളും ചര്‍ച്ചയാകുമെന്ന് കരുതിയ സംസ്ഥാന നേതൃയോഗങ്ങൾക്ക് ശേഷമാണ് എം വി ഗോവിന്ദൻ ഇന്ന് മാധ്യമങ്ങളെ കണ്ടത്.
എകെജി സെന്‍ററിൽ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരായ പ്രക്ഷോഭങ്ങളെ കുറിച്ചു പുതുപ്പള്ളി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ കുറിച്ചും ഗോവിന്ദൻ വിശദമായി സംസാരിച്ചു. ചോദ്യം മാസപ്പടിയിലെത്തിയപ്പോൾ എല്ലാം പറഞ്ഞ് കഴിഞ്ഞെന്നും ഇനിയൊന്നും പറയാനില്ലെന്നും നിലപാടെടുത്ത് ഗോവിന്ദൻ വാര്‍ത്താസമ്മേളനം അവസാനിപ്പിക്കുകയായിരുന്നു.
നേതൃയോഗങ്ങളിലും മാസപ്പടി ചര്‍ച്ചയായില്ലെന്നാണ് സൂചന. വീണ വിജയന്‍റെ കൺസൾട്ടൻസി സ്ഥാപനം കരിമണൽ കമ്പനിയുമായി ഉണ്ടാക്കിയ കരാര്‍ നിയമപരമെന്നും ഇടപാട് സുതാര്യമെന്നും കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ മുതൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വരെയുള്ളവര്‍ നിലപാടെടുത്തിരുന്നു. വീണ വിജയന് പ്രതിരോധം തീര്‍ത്ത് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയും ഇറക്കി. മുഖ്യമന്ത്രിയും വീണയും മന്ത്രി മുഹമ്മദ് റിയാസും മാസപ്പടി വിവാദം കത്തുമ്പോഴും മൗനത്തിലാണ്.