തിരുവനന്തപുരം: സി.എം.ആർ.എല്ലില്‍നിന്ന് കിട്ടിയ മാസപ്പടിക്ക് വീണ വിജയന്‍ ഐ.ജി.എസ്.ടി അടച്ചിട്ടുണ്ടെന്ന് പറയുമ്പോഴും രേഖകള്‍ പുറത്തുവിടാതെ സി.പി.എം. പണം അടച്ചെന്ന് തെളിയിച്ചാല്‍ മാത്യു കുഴല്‍നാടന്‍ പൊതുപ്രവർത്തനം അവസാനിപ്പിക്കുമോയെന്ന് സി.പി.എം വെല്ലുവിളിച്ചെങ്കിലും രേഖകള്‍ പുറത്തുവിട്ടിട്ടില്ല. രേഖകള്‍ പുറത്തുവന്നാല്‍ നിയമപരമായ മറ്റു പ്രശ്നങ്ങളുണ്ടാകുമോ എന്ന ആശങ്ക പാർട്ടിക്കുണ്ടെന്ന് സംശയിക്കുന്നവരുമുണ്ട്.
സി.എം.ആർ.എല്ലില്‍നിന്ന് കിട്ടിയ 1.72 ലക്ഷം രൂപയ്ക്ക് ഐ.ജി.എസ്.ടി അടച്ചിട്ടുണ്ടോ എന്ന മാത്യു കുഴല്‍നാടന്‍റെ ചോദ്യത്തിന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ.കെ ബാലന്‍റെ പ്രതികരണം വെല്ലുവിളിയായിരിന്നു. വീണ പണം അടച്ചിട്ടുണ്ടെന്ന് ബോധ്യപ്പെടുത്തുന്ന തരത്തിലാണ് ബാലന്‍റെ പ്രതികരണം. പറഞ്ഞത് തെറ്റാണെന്ന് ബോധ്യപ്പെട്ടാല്‍ മാപ്പുപറയാന്‍ തയാറാണെന്ന് മാത്യു കുഴല്‍നാടനും സമ്മതിച്ചു.
എന്നാല്‍, വെല്ലുവിളികള്‍ നടക്കുന്നതിനപ്പുറം രേഖകള്‍ പുറത്തുവിട്ട് കാര്യങ്ങള്‍ തെളിയിക്കാന്‍ പാർട്ടിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ആദ്യം തന്നെ പ്രതിരോധിച്ച് രംഗത്തുവന്നതുകൊണ്ട് വീണയുടെ കാര്യത്തില്‍ പാർട്ടി മറുപടി പറയേണ്ടതില്ലെന്ന നിലപാട് ഇനി സ്വീകരിക്കാനും കഴിയില്ല. രേഖകള്‍ പുറത്തുവന്നാല്‍ മന്ത്രി മുഹമ്മദ് റിയാസിന് അതു നിയമപരമായ പ്രശ്നം ഉണ്ടാക്കുമോ എന്ന ആശങ്കയും ചിലർക്കുണ്ട്. 1.72 ലക്ഷത്തിന് ഐ.ജി.എസ്.ടി അടച്ചെങ്കില്‍ അത് റിയാസിന്‍റെ സത്യവാങ്മൂലത്തില്‍ എന്തുകൊണ്ട് ഉള്‍പ്പെടുത്തിയില്ലെന്ന ചോദ്യവും ഉയർന്നേക്കും.