ചെന്നൈ: രാഷ്ട്രീയപ്രവേശനത്തിനുശേഷമുള്ള ആദ്യ സമരത്തിന് തമിഴക വെട്രി കഴകം നേതാവ് വിജയ് ഇറങ്ങുന്നു. തമിഴ്നാട്ടിലെ മത്സ്യത്തൊഴിലാളികൾ നേരിടുന്ന പ്രശ്നം ഉയർത്തിക്കാട്ടിയാകും സമരം.
കടലൂരിൽ വലിയ പ്രതിഷേധസമ്മേളനം നടത്താനാണ് തീരുമാനം. ഔദ്യോഗികമായി പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും പ്രതിഷേധ സമ്മേളനത്തിന് അനുമതിതേടി പോലീസിന് അപേക്ഷ സമർപ്പിച്ചു.
ചെന്നൈയിലെ രണ്ടാം വിമാനത്താവളപദ്ധതിക്കുനേരേ പ്രതിഷേധിക്കുന്ന ഗ്രാമവാസികളെ സന്ദർശിച്ചതല്ലാതെ ഇതുവരെ വിജയ് നേരിട്ട് സമരം നയിച്ചിട്ടില്ല. സംസ്ഥാനത്ത് സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിൽ ഡി.എം.കെ. സർക്കാർ പരാജയപ്പെട്ടുവെന്നാരോപിച്ച് വനിതാദിനത്തോടനുബന്ധിച്ച് സംസ്ഥാനത്ത് പലയിടത്തും ടി.വി.കെ. സമരം നടത്തിയിരുന്നു. ഈ വിഷയത്തിൽ പ്രസ്താവനയിറക്കിയതല്ലാതെ വിജയ് നേരിട്ട് സമരത്തിൽ പങ്കെടുത്തില്ല. എന്നാൽ, മത്സ്യത്തൊഴിലാളിവിഷയത്തിലുള്ള സമരത്തെ നയിക്കാൻ തീരുമാനിക്കുകയായിരുന്നു.സമുദ്രാതിർത്തിലംഘനം ആരോപിച്ച് ശ്രീലങ്കൻ നാവികസേന പിടിച്ചുകൊണ്ടുപോകുന്നതാണ് നിലവിൽ തമിഴ് മത്സ്യത്തൊഴിലാളികൾ നേരിടുന്ന പ്രധാനപ്രശ്നം. ഇതിന് സ്ഥായിയായ പരിഹാരമാവശ്യപ്പെട്ടാണ് വിജയ് രംഗത്തെത്തുന്നത്. ഒരേസമയം കേന്ദ്ര, സംസ്ഥാന സർക്കാരുകളെ വിമർശിച്ചുകൊണ്ടാകും സമരം. കടലൂരിൽ നടത്തുന്ന പ്രതിഷേധസമ്മേളനത്തിനുശേഷം മത്സ്യത്തൊഴിലാളികളെ സംഘടിപ്പിച്ച് സംസ്ഥാനത്തുടനീളം സമരം നടത്താനും പദ്ധതിയുണ്ട്.