ഡൽഹി: ഗുസ്തി ഫെഡറേഷൻ തിരഞ്ഞെടുപ്പിന് പിന്നാലെ ശക്തമായ കായിക താരങ്ങളുടെ പ്രതിഷേധം തുടരുന്നു. ഗുസ്തി താരങ്ങളായ സാക്ഷി മാലിക് കരിയർ അവസാനിപ്പിച്ചും ബജ്റംഗ് പൂനിയയും വിജേന്ദർ സിംഗും പദ്മശ്രീ തിരിച്ചുനൽകിയും പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. ഇപ്പോൾ ഖേൽ രത്ന, അർജുന പുരസ്കാരങ്ങൾ തിരിച്ചുനൽകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് വിനേഷ് ഫൊഗട്ട്. ഇന്ത്യയ്ക്ക് കോമൺവെൽത്ത് ഗെയിംസിലും ഏഷ്യൻ ഗെയിംസിലും സ്വർണം നേടി നൽകിയ താരമാണ് ഫൊഗട്ട്. അവാർഡ് തിരിച്ചുനൽകുന്നതായി അറിയിച്ച് താരം പ്രധാനമന്ത്രിക്ക് കത്തെഴുതി.
‘സാക്ഷി മാലിക് ഗുസ്തി കരിയർ അവസാനിപ്പിച്ചു. ബജ്റംഗ് പൂനിയ പദ്മശ്രീ തിരികെ നൽകി. ഒളിംപിക്സ് മെഡൽ ജേതാക്കളായ താരങ്ങൾ ഇത്തരം തീരുമാനങ്ങൾ എടുത്തതിന് കാരണം രാജ്യത്തിന് അറിയാം. താങ്കൾ ഈ രാജ്യത്തിന്റെ പ്രധാനമന്ത്രിയെന്ന നിലയിൽ ഇക്കാര്യങ്ങൾ അറിയണം. വിനേഷ് ഫൊഗട്ടെന്ന ഞാൻ ഈ രാജ്യത്തിന്റെ മകളാണ്. മുൻ വർഷങ്ങളിൽ ഞാൻ അനുഭവിച്ച കാര്യങ്ങൾ ഈ കത്തിൽ പറയുന്നു.’
‘2016ൽ സാക്ഷി മാലിക് ഒളിംപിക്സ് മെഡൽ വിജയിയായി. താങ്കളുടെ സർക്കാർ സാക്ഷിയെ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പ്രാചരണത്തിന്റെ ബ്രാൻഡ് അംബാസിഡറാക്കി. അന്ന് ഈ രാജ്യത്തെ വനിതാ താരങ്ങൾ സന്തോഷിച്ചു. ഇന്ന് സാക്ഷി ഗുസ്തി അവസാനിക്കുമ്പോൾ ഞാൻ 2016 വീണ്ടും ഓർക്കുന്നു. സർക്കാർ പരസ്യത്തിന് വേണ്ടി മാത്രമാണോ രാജ്യത്ത് വനിതാ താരങ്ങൾ. സാക്ഷിയുടെ കരിയർ അവസാനിച്ചിരിക്കുന്നു. ഇനി അത്തരം പരസ്യ ബോർഡുകൾക്ക് പ്രസക്തിയില്ല