ന്യൂഡൽഹി: ചൈനയിലെ എച്ച്9എൻ2 വൈറസ് ബാധയുടെ സാഹചര്യത്തിൽ സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. പത്രക്കുറിപ്പിലൂടെയാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം ഇതുസംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്. ഏത് സാഹചര്യവും നേരിടാൻ സജ്ജമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
ചൈനയിൽ ന്യൂമോണിയ ബാധിച്ച് നൂറ് കണക്കിന് കുഞ്ഞുങ്ങൾ ചികിത്സ തേടിയിരുന്നു. പുതിയ വൈറസ് മൂലമല്ല രോഗബാധയെന്ന വിശദീകരണവുമായി ചൈന രംഗത്ത് വന്നിരുന്നു. ലോകാരോഗ്യസംഘടനക്കും ചൈന ഇത് സംബന്ധിച്ച റിപ്പോർട്ട് നൽകിയിരുന്നു. ജാഗ്രത പുലർത്തണമെന്ന് ലോകാരോഗ്യ സംഘടനയും ആവശ്യപ്പെട്ടിരുന്നു.
പനി, ചുമ, ശ്വാസ തടസം തുടങ്ങിയ ലക്ഷണങ്ങളോടെയുള്ള ‘നിഗൂഢ ന്യുമോണിയ’ ചൈനയിലെ സ്കൂൾ കുട്ടികളെ ബാധിച്ചതായിരുന്നു നേരത്തെ റിപ്പോർട്ട്. തലസ്ഥാനമായ ബെയ്ജിങ്ങിലും ലിയോണിങ്ങിലും സ്കൂൾ കുട്ടികളിൽ രോഗം പടരുന്നതായും റിപ്പോർട്ടുണ്ടായിരുന്നു. ഇവിടങ്ങളിലെ പല ആശുപത്രികളും രോഗികളെ കൊണ്ടു നിറഞ്ഞ സ്ഥിതിയാണുള്ളതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. രാജ്യത്ത് പടർന്നുപിടിക്കുന്ന അസുഖത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നൽകണമെന്ന് ലോകാരോഗ്യസംഘടനയും ആവശ്യപ്പെട്ടിരുന്നു. രോഗവ്യാപനം കുറയ്ക്കുന്നതിന് നടപടികൾ കൈക്കൊള്ളണമെന്നും നിർദേശം നൽകിയിരുന്നു.
മനുഷ്യരിലും മൃഗങ്ങളിലും പകര്‍ച്ച വ്യാധികള്‍ നിരീക്ഷിക്കുന്ന പ്ലാറ്റ്ഫോമായ പ്രോമെഡ് (ProMed) കുട്ടികളില്‍ പടരുന്ന ന്യൂമോണിയയെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. മുതിര്‍ന്നവരെ ഈ രോഗം ബാധിച്ചതായി റിപ്പോര്‍ട്ടുകളില്ലെന്നും പ്രോമെഡ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് മറ്റൊരു മഹാമാരി ആകുമോ എന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും ആരോഗ്യ വിദഗ്ധര്‍ സൂചിപ്പിച്ചിരുന്നു.