അബുദാബി : യുഎഇയിൽ ബിസിനസ് ചെയ്യാൻ ആഗ്രഹിക്കുന്ന വിദേശ നിക്ഷേപകർക്ക് 4 മാസത്തെ (120 ദിവസം) വിസിറ്റ് വീസ നൽകുന്നു. യുഎഇ ഡിജിറ്റൽ ഗവൺമെന്റ് നൽകുന്ന ഈ വീസയ്ക്ക് സ്പോൺസർ ആവശ്യമില്ല. യുഎഇയിലെ ബിസിനസ്, നിക്ഷേപ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ നിക്ഷേപകരെയും സംരംഭകരെയും പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. ഓൺലൈൻ വഴി വീസയ്ക്ക് അപേക്ഷിക്കാം. 60, 90, 120 ദിവസ കാലാവധിയുള്ള സിംഗിൾ-എൻട്രി വീസയാണ് ലഭിക്കുക. സാമ്പത്തിക ഭദ്രതയും പ്രഫഷനൽ ബിരുദവും ഉള്ളവർക്കാണ് അവസരം.
120 ദിവസത്തെ വീസയ്ക്ക് 400 ദിർഹമാണ് ഫീസ്. 60 ദിവസത്തെ വീസയ്ക്ക് 200 ദിർഹമും 90 ദിവസത്തെ വീസയ്ക്ക് 300 ദിർഹമുമാണ് ഫീസ്. എല്ലാ വീസയ്ക്കും 1000 ദിർഹം വീതം കെട്ടിവയ്ക്കണം. കുറഞ്ഞത് 6 മാസ കാലാവധിയുള്ള പാസ്‌പോർട്ടിന്റെ കോപ്പി, കളർ ഫോട്ടോ, സാക്ഷ്യപ്പെടുത്തിയ യോഗ്യതാ സർട്ടിഫിക്കറ്റ് എന്നിവ സഹിതം വിദേശത്തിരുന്ന് ഓൺലൈൻ വഴി അപേക്ഷിക്കാം.