ദുബൈ: പാർട്ണർ വിസ, ഫ്രീലാൻസ് വിസ തുടങ്ങിയ പേരുകളിൽ യു.എ.ഇയിൽ വ്യാപക വിസാതട്ടിപ്പ് നടക്കുന്നതായി മുന്നറിയിപ്പ്. സോഷ്യൽ മീഡിയയിൽ പരസ്യം നൽകി ചില സ്ഥാപനങ്ങൾ നടത്തുന്ന നിയമവിരുദ്ധ പ്രവണതക്കെതിരെ ജാഗ്രതവേണമെന്ന് ഡോക്യൂമന്ററി ക്ലിയറിങ് രംഗത്ത് പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വിസ ആവശ്യമുള്ളവരെ കമ്പനിയുടെ പാർട്ണർമാരായി കാണിച്ച് പുതിയ കമ്പനിക്ക് ലൈസൻസുണ്ടാക്കിയാണ് ചിലർ പാർട്ണർ വിസ സംഘടിപ്പിക്കുന്നത്. ഈ കമ്പനികൾ പലതും ഒരുവർഷത്തിന് ശേഷം ലൈസൻസ് പുതുക്കാതെ അടച്ചുപോകും. രണ്ട് വർഷത്തെ വിസയെടുത്തവർ കാലാവധി പിന്നിടുമ്പോൾ വിസ പുതുക്കാൻ കഴിയാതെ കുടുങ്ങുന്നത് പതിവായി മാറുകയാണ്.