പൂത്തുനില്‍ക്കുന്ന കണിക്കൊന്നകളോരോന്നും കാലത്തിന്റെ ഓര്‍മപ്പെടുത്തലുകളാണ്. പുതിയ കാലത്തെ പുതിയ വിഷുവിലും പഴമ നഷ്ടപ്പെടാത്ത ചിലതിന്റെയൊക്കെ ഓര്‍മപ്പെടുത്തലുകള്‍. വര്‍ഷങ്ങള്‍ക്കപ്പുറമുള്ള വിഷു ഓര്‍മകള്‍ നെയ്തെടുക്കുന്നവര്‍ക്കറിയാം. ചിരി വറ്റാതെ, നന്മ മായാതെ, നാണയക്കിലുക്കങ്ങളും തൊടിയിലെ കണിക്കൊന്നയും വിഷുക്കണിയും ഇന്നും തനിമയോടെ ബാക്കിയുണ്ടെന്ന്. നഷ്ടപ്പെട്ടു എന്നു പറയുന്നതൊക്കെ ബന്ധങ്ങളിലെ ആര്‍ദ്രത മാത്രമാണ്. കേരളപ്രകൃതിയെ തന്നെ ആഘോഷമാക്കി പുത്തന്‍ പ്രതീക്ഷകളും സ്വപ്നങ്ങളുമായുമൊക്കെ മറ്റൊരു വിഷുക്കാലംകൂടി വരവായി. വിഷുപക്ഷി എവിടെയോ ഇരുന്നു പാടുന്നു, കണിക്കൊന്നകളിന്നും തളിര്‍ത്തു പൂവിടുന്നു. കണിവെള്ളരിയും കാഴ്ചദ്രവ്യവുമൊക്കെ അണിഞ്ഞൊരുങ്ങുന്നുമുണ്ട്. വിഷുക്കൈനീട്ടം കൊതിച്ചു പായുന്ന ബാല്യങ്ങള്‍ ഇന്നും ദാ നമുക്കു ചുറ്റും കാണാം. മലയാളി മാറിയെന്നൊക്കെ പറഞ്ഞാലും അവന്റെ ഉള്ളിലെ സംസ്‌കാരത്തിന്റെ വെളിച്ചമാണ് ഓരോ ആഘോഷങ്ങളിലും പ്രകടമാകുന്നത്. നമുക്കിത് വിഷുവാണ്. ദുരിതകാലത്തെ പ്രതീക്ഷകളുടെ കൈനീട്ടകാലം.
രാവും പകലും തുല്യമായി വരുന്ന ദിവസമാണ് യഥാര്‍ത്ഥ വിഷു. അത്തരത്തിലുള്ള ദിനം മീനമാസം എട്ടാം തീയതിയാണ്. എന്നാല്‍ സൗകര്യാര്‍ത്ഥം മലയാള കലണ്ടര്‍ പ്രകാരം പുതുവര്‍ഷമായി വരുന്ന മേടം ഒന്നിനാണ് വിഷു ആഘോഷിക്കുന്നത്. പുതുവര്‍ഷാരംഭത്തില്‍ ആദ്യം കാണുന്ന കണി അനുസരിച്ചായിരിക്കും ആ വര്‍ഷത്തെ ഫലങ്ങള്‍ എന്നതാണ് മലയാളികളുടെ പൊതുവായ വിശ്വാസം. അതുകൊണ്ടു തന്നെ ആഘോഷങ്ങള്‍ തുടങ്ങുന്നത് നിറകണിയുമായാണ്. നിലവിളക്ക് തെളിയിച്ച് മഞ്ഞപ്പട്ടുടുപ്പിച്ച ശ്രീകൃഷ്ണ വിഗ്രഹത്തോടൊപ്പം കാര്‍ഷിക വിഭവങ്ങളും സ്വര്‍ണ്ണവും ഗ്രന്ഥവും നിലവിളക്കും പട്ടും കണിക്കൊന്നയുമൊക്കെ ഉരുളിയില്‍ നിറയ്ക്കും. സമൃദ്ധിയുടെ അടയാളങ്ങമായാണ് കണി ഒരുക്കുന്നത്. ഉറക്കത്തില്‍ നിന്നുണര്‍ന്നാല്‍ കണ്ണു തുറക്കാതെ ആദ്യം കാണേണ്ട കാഴ്ച ഈ കണിയാകണമെന്നാണ് വിശ്വാസം.
കണി കണ്ടു കഴിഞ്ഞാല്‍ പിന്നെ കണ്ണുകള്‍ പായുന്നത് ഗൃഹനാഥനു നേരെയാവും. സമ്പല്‍ സമൃദ്ധിയുടെ തുടക്കമായ കൈനീട്ടത്തിനു വേണ്ടി. നാണയക്കിഴി തുറന്ന് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഗൃഹനാഥന്‍ കൈനീട്ടം നല്‍കും. കുട്ടികള്‍ പിന്നൊരു പാച്ചിലാണ്, തങ്ങളേക്കാള്‍ മുതിര്‍ന്ന ഓരോരുത്തരുടെയും അരികെ ചെന്നു കൈനീട്ടം കാത്ത് നില്‍ക്കാന്‍ അവര്‍ക്ക് എന്തു മടി. കുട്ടികളിലെ സമ്പാദ്യ ശീലം വളര്‍ത്താനും വിഷുക്കൈനീട്ടം സഹായിക്കും. അയല്‍ വീടുകളിലും കൈനീട്ടം തേടി ഓടിയലഞ്ഞെത്തുന്ന കുട്ടികള്‍ പിന്നെ ആവേശത്തോടെ കാത്തിരിക്കുന്നത് വിവിധതരം പായസങ്ങള്‍ ഉള്‍പ്പടെയുള്ള സദ്യയ്ക്ക് വേണ്ടിയാണ്. വിഷുക്കഞ്ഞി എന്നൊരു വിഭവം മുന്‍പ് പതിവായിരുന്നു. വെടിമരുന്ന് പ്രയോഗങ്ങള്‍ വിഷുവിന്റെ തലേന്ന് മുതല്‍ തന്നെ പൊടിപൊടിച്ച് തുടങ്ങും. വിഷുവിനും വിഷുവിന്റെ പിറ്റേന്നും ആവേശം മാറാതെ കുട്ടികളും ചെറുപ്പക്കാരും പടക്കം പൊട്ടിച്ച് നല്ല വര്‍ഷത്തെ വരവേല്‍ക്കും.
വിഷു എന്നും മലയാളിക്ക് ഗൃഹാതുരമായ ഓര്‍മയാണ്. വാസസ്ഥലങ്ങള്‍ മാറിയാലും ജീവിതചര്യകള്‍ മാറിയാലും വിഷുദിവസം രാവിലെ എല്ലാ മലയാളികളുടെയും വീടുകളില്‍ കണി ഒരുങ്ങും. കാലാവസ്ഥ വ്യതിയാനത്തെപ്പറ്റി നാം വാ തോരാതെ സംസാരിച്ചാലും ഏറി വരുന്ന ചൂടിനെ പഴി പറഞ്ഞാലും മാറാത്ത പലതുമുണ്ട് എന്ന് ഓര്‍മിപ്പിച്ചുകൊണ്ടാണ് ഓരോ കണിക്കൊന്നയും പൂ ചൂടുന്നത്. ഒത്തുകൂടാനും ഒരുമിച്ചിരിക്കാനുമൊന്നും മലയാളിക്കിന്ന് നേരമില്ലെങ്കിലും ഗൃഹാതുരമായ ഓര്‍മകളുടെ കണിയൊരുക്കലാണ് ഓരോ വിഷുക്കാലവും.
കാര്‍ഷികസമൃദ്ധിയുടെ ഉത്സവംകൂടിയാണ് മലയാളിക്ക് വിഷുവും ഓണവുമൊക്കെ. തന്റെ കാര്‍ഷിക സമൃദ്ധിയുടെ അടയാളത്തെയായിരുന്നു ഓരോ കാലത്തും കണി ഒരുക്കുന്നതിലൂടെ നിലവിളക്കിനു മുന്നില്‍ ഉരുളിയില്‍ നിറഞ്ഞിരുന്നതും. വേനല്‍ പച്ചക്കറി വിളകളുമായി ബന്ധപ്പെട്ടതും ആയിരുന്നു നമുക്ക് വിഷു. കാലമൊക്കെ മാറിയതോടെ അന്യസംസ്ഥാനത്തു നിന്നുള്ള വിഭവങ്ങള്‍ ഉരുളിയില്‍ നിറഞ്ഞുവെന്നു മാത്രം.
എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ