മുംബൈ : ബോളിവുഡ് നടൻ വിവേക് ഒബ്‌റോയിയിൽനിന്ന് ബിസിനസ് പങ്കാളികൾ 1.5 കോടി രൂപ തട്ടിയെടുത്തതായി പരാതി. ഇവന്റ്–സിനിമാ നിർമാണ കമ്പനിയിൽ നിക്ഷേപിക്കാനെന്നു പറഞ്ഞു വിശ്വസിപ്പിച്ചാണു താരത്തിൽനിന്നു പണം കൈക്കലാക്കിയത്. മികച്ച നേട്ടമുണ്ടാക്കിത്തരാം എന്നു വാഗ്ദാനം ചെയ്ത സംഘം വിവേകിനെ കെണിയിൽ വീഴ്‍ത്തുകയായിരുന്നു.
വിവേകും ഭാര്യ പ്രിയങ്ക ആൽവയും ചാർട്ടേഡ് അക്കൗണ്ടന്റ് ദേവൻ ബഫ്ന വഴി അന്ധേരി ഈസ്റ്റിലെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതോടെയാണു സംഭവം പുറത്തറിഞ്ഞത്. സഞ്ജയ് സാഹ, ഇയാളുടെ മാതാവ് നന്ദിത സാഹ, രാധിക നന്ദ എന്നിവർക്കെതിരെയാണു പരാതി. ഇവന്റ്–സിനിമ കമ്പനിയിൽ വിവേക് നിക്ഷേപിച്ച 1.5 കോടി ഇവർ വ്യക്തിപരമായ ആവശ്യത്തിന് ഉപയോഗിച്ചെന്നാണ് ആരോപണം.
വിവേകും ഭാര്യയും ചേർന്ന് 2017ൽ ആരംഭിച്ച കമ്പനിയുടെ പ്രവർത്തനം മികച്ച രീതിയിൽ മുന്നോട്ടു പോയില്ല. തുടർന്നു സിനിമാ നിർമാതാവ് ഉൾപ്പെടെയുള്ള ബിസിനസ് പങ്കാളികളെ ഉൾപ്പെടുത്തി കമ്പനി പുനഃസംഘടിപ്പിച്ചു. നിലവിലുള്ള കമ്പനിയെ ഇവന്റ് ബിസിനസിലേക്കു മാറ്റി. ഇതോടൊപ്പം ഇവന്റ്–സിനിമ കമ്പനിയിൽ 1.5 കോടി നിക്ഷേപിക്കാനും വിവേകിനോട് ഇവർ ആവശ്യപ്പെട്ടു.
താരത്തിന്റെ ബിസിനസ് പങ്കാളികൾക്കെതിരെ വിവിധ വകുപ്പുകൾ ചുമത്തി എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു. ഇതേയാളുകൾ നടൻ നവാസുദ്ദീൻ സിദ്ദിഖിയുടെ 51 ലക്ഷം തട്ടിയെടുത്തതായും പരാതിയുണ്ടായിരുന്നു. വിവേക് ഒബ്റോയി തന്റെ കമ്പനി അക്കൗണ്ടിൽനിന്നും ഈ തുക നവാസുദ്ദീൻ സിദ്ദിഖിക്കു മടക്കി നൽകിയാണു കേസ് ഒത്തുതീർപ്പാക്കിയതെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു