തിരുവനന്തപുരം: പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ 2024 ന്റെ ഭാഗമായി കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. 2024 ജനുവരി ഒന്ന് യോഗ്യതാ തീയതിയായുള്ള കരട് പട്ടികയാണ് പ്രസിദ്ധീകരിച്ചത്. സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ വെബ്സൈറ്റിൽ (www.ceo.kerala.gov.in) കരട് വോട്ടർ പട്ടികയുടെ വിവരങ്ങൾ ലഭ്യമാകും. കൂടാതെ സൂക്ഷ്മ പരിശോധനകൾക്കായി താലൂക്ക് ഓഫിസുകളിലും വില്ലേജ് ഓഫിസുകളിലും ബൂത്ത് ലെവൽ ഓഫിസറുടെ കൈവശവും കരട് വോട്ടർ പട്ടിക ലഭിക്കുമെന്നും മുഖ്യതിരഞ്ഞെടുപ്പു ഓഫിസർ സഞ്ജയ് കൗൾ അറിയിച്ചു.
അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്ക് താലൂക്ക് ഓഫിസുകളിൽനിന്ന് വോട്ടർപട്ടിക കൈപ്പറ്റി സൂക്ഷ്മ പരിശോധന നടത്താം. കരട് പട്ടികയിൻമേലുള്ള ആക്ഷേപങ്ങളും അവകാശവാദങ്ങളും ഡിസംബർ 9 വരെ സമർപ്പിക്കാം. വോട്ടർ പട്ടികയിലെ തെറ്റുകൾ തിരുത്തുന്നതിനും മരണപ്പെട്ടവരെയും സ്ഥലം മാറിപ്പോയവരെയും ഒഴിവാക്കുന്നതിനുമാണ് കരടുവോട്ടർ പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്.
വോട്ടർപട്ടികയിൽനിന്ന് തെറ്റായി ഒഴിവാക്കപ്പെട്ടവർക്കും, 17 വയസ്സ് തികഞ്ഞവർക്ക് മുൻകൂറായും, വോട്ടർ പട്ടികയിൽ പേര് ചേർക്കാം. voters.eci.gov.in എന്ന വെബ്സൈറ്റ് വഴിയോ വോട്ടർ ഹെൽപ് ലൈൻ ആപ് വഴിയോ അപേക്ഷകൾ സമർപ്പിക്കാമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫിസർ അറിയിച്ചു. അവസാന പട്ടിക 2024 ജനുവരി 5 ന് പുറത്തിറങ്ങും.