മോസ്കോ : ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട 1212 യുക്രെയ്ൻ സൈനികരുടെ മൃതദേഹങ്ങൾ റഷ്യ കൈമാറി. 27 റഷ്യൻ സൈനികരുടെ മൃതദേഹങ്ങൾ യുക്രെയ്‍നും വിട്ടുനൽകി. കിഴക്കൻ മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സൈനികരുടെ മൃതദേഹങ്ങളാണ് ഇരുരാജ്യങ്ങളും പരസ്‌പരം കൈമാറിയത്. ഇസ്തംബൂളിൽ നടന്ന ചർച്ചയിലെ ധാരണപ്രകാരമാണ് കൊല്ലപ്പെട്ട സൈനികരുടെ മൃതദേഹങ്ങൾ കൈമാറാൻ തുടങ്ങിയതെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ ഉപദേഷ്ടാവ് വ്ലാഡിമിർ മെഡിൻസ്‌കി സമൂഹമാധ്യമത്തിൽ കുറിച്ചു.
ജൂൺ രണ്ടിന് ഇസ്തംബൂളിൽ നടന്ന രണ്ടാംഘട്ട ചർച്ചയിൽ വ്യവസ്ഥകളില്ലാതെ 6000 യുക്രെയ്ൻ സൈനികരുടെ മൃതദേഹങ്ങൾ വിട്ടുനൽകാനും റഷ്യൻ സൈനികരുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങാനും തയാറാണെന്ന് വ്ലാഡിമിർ മെഡിൻസ്‌കി വ്യക്തമാക്കിയിരുന്നു. ധാരണപ്രകാരം രണ്ടു ഘട്ടമായി ഇരുപത്തിയഞ്ച് യുദ്ധത്തടവുകാരെയും ഇരുരാജ്യങ്ങളും കൈമാറി. ഏറ്റുമുട്ടലിൽ ഗുരുതരമായി പരുക്കേറ്റ യുദ്ധത്തടവുകാരെ ഇന്നു കൈമാറാനും ഇരുരാജ്യങ്ങളും ധാരണയായിട്ടുണ്ട്.



