ജറുസലം : ഗാസയ്ക്കു നേരെയുള്ള യുദ്ധത്തിന്റെ രണ്ടാംഘട്ടമെന്നു പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പ്രഖ്യാപിച്ച കരയാക്രമണം ഇസ്രയേൽ കൂടുതൽ ശക്തമാക്കി. ഹമാസ് താവളങ്ങൾ കേന്ദ്രീകരിച്ചു നടത്തുന്ന ആക്രമണത്തിൽ ഗാസയിൽ വാർത്താവിനിമയ സംവിധാനങ്ങൾ ഏതാണ്ടു പൂർണമായും നിലച്ചു. ഇന്നലെ വൈകിട്ടോടെ ഫോൺ, ഇന്റർനെറ്റ് സംവിധാനങ്ങൾ പുനഃസ്ഥാപിച്ചു തുടങ്ങിയതായി പലസ്തീൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതുവരെ 8005 പേർ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ ഖുദ്സ് ഹോസ്പിറ്റലിനു സമീപം ഇസ്രയേൽ ബോംബാക്രമണം നടത്തി. ആശുപത്രി ഒഴിപ്പിക്കാൻ ഇസ്രയേലിന്റെ സന്ദേശം ലഭിച്ചതായി റെഡ് ക്രസന്റ് പ്രതിനിധി വെളിപ്പെടുത്തി. ഇസ്രയേൽ പട്ടാള വക്താവ് പ്രതികരിച്ചില്ല.
റഫ ഇടനാഴി വഴി കൂടുതൽ സഹായങ്ങൾ എത്തിക്കാൻ തയാറാണെന്നും ജനങ്ങൾ തെക്കൻഗാസയിലേക്കു മാറണമെന്നും ഇസ്രയേൽ ആവശ്യപ്പെട്ടു. ഖാൻ യൂനിസ് കേന്ദ്രീകരിച്ച് ഒരു സുരക്ഷാ– സഹായ മേഖല ഒരുക്കുമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രാലയവക്താവ് പറഞ്ഞു. എന്നാൽ ഒരിടവും സുരക്ഷിതമല്ലാത്തവിധം ഇസ്രയേൽ ബോംബിങ് തുടരുകയാണെന്നു ജനങ്ങൾ പറയുന്നു.