Tuesday, January 28, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking news'അനിവാര്യമായ വിശദീകരണം': ഡബ്ല്യുസിസി പുറത്ത് വിട്ട പ്രസ്താവന പങ്കുവെച്ച് മഞ്ജു വാര്യർ

‘അനിവാര്യമായ വിശദീകരണം’: ഡബ്ല്യുസിസി പുറത്ത് വിട്ട പ്രസ്താവന പങ്കുവെച്ച് മഞ്ജു വാര്യർ

കൊച്ചി: മുന്‍ സ്ഥാപക അംഗത്തിനെതിരായ സൈബര്‍ ആക്രമണങ്ങളെ വിമര്‍ശിച്ച് ഡബ്ല്യുസിസി പുറത്ത് വിട്ട പ്രസ്താവന പങ്കുവെച്ച് മഞ്ജു വാര്യർ. പ്രചരിക്കുന്ന വാർത്തയിൽ ‘അനിവാര്യമായ വിശദീകരണം’ എന്ന ക്യാപ്ഷനോടെയാണ് മഞ്ജു വാര്യർ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

അതിജീവിതക്കൊപ്പം എന്നും ഉറച്ചുനിന്നയാളാണ് സ്ഥാപക അംഗമെന്നാണ് ഡബ്ല്യുസിസിയുടെ പ്രതികരണം. നേരത്തെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ ഡബ്ല്യുസിസി സ്ഥാപക അംഗം സിനിമയില്‍ അതിക്രമങ്ങളൊന്നും ഇല്ലെന്ന് മൊഴി കൊടുത്തെന്ന പരാമര്‍ശം ഉണ്ടായിരുന്നു.

ഓരോ അംഗത്തിനും സ്വന്തം അനുഭവങ്ങളെക്കുറിച്ച് ഭയമില്ലാതെ സംസാരിക്കാന്‍ അവകാശമുണ്ട്. മറിച്ച് പറയുന്നതാണ് പുരുഷാധിപത്യത്തിന്റെ പൊതുരീതി. സ്ത്രീകളെ അപമാനിക്കാനല്ല റിപ്പോര്‍ട്ട് ഉപയോഗിക്കേണ്ടത്. പരിഹരിക്കേണ്ടവ തിരുത്തി മുന്നോട്ടുപോകണമെന്നും ഡബ്ല്യുസിസി പ്രതികരണത്തില്‍ പറഞ്ഞു.

ഡബ്ല്യുസിസിയുടെ പ്രതികരണം

“ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതില്‍ ഞങ്ങള്‍ ഏറെ സന്തോഷിക്കുമ്പോഴും ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ ഞങ്ങളോടൊപ്പം ഈ ആഹ്ലാദത്തില്‍ കൂടെ നിന്ന നിങ്ങളെ അറിയിക്കണമെന്ന് കരുതുന്നു.

250 ഓളം പേജുകള്‍ ഉള്ള ഈ പഠനം സിനിമാ രംഗത്ത് ഗൗരവമായി ഇടപെടുന്ന എല്ലാവരും തുറന്ന മനസ്സോടെ വായിക്കുകയും തങ്ങള്‍ക്കിടയില്‍ ചര്‍ച്ച ചെയ്യുകയും, ഈ തൊഴിലിടത്തെ സ്ത്രീ വിരുദ്ധതയുടെ ചരിത്രപരമായ കാരണങ്ങള്‍ മനസ്സിലാക്കി അവ പരിഹരിക്കുവാന്‍ മുന്‍കൈ എടുക്കുമെന്നുമാണ് ഞങ്ങള്‍ പ്രതീക്ഷിച്ചത്.

എന്നാല്‍ മാധ്യമങ്ങളുടെ ഹൈലറ്റുകളില്‍ ‘WCC മുന്‍ സ്ഥാപക അംഗത്തിന്റെത് ‘ എന്ന് പറയുന്ന മൊഴികള്‍ക്ക് പുറകെ പോയി സ്ത്രീകള്‍ക്കെതിരെ സ്ത്രീകളെ പ്രതിഷ്ഠിക്കുന്നതിനും മുതിര്‍ന്ന കലാകാരികളെ അപമാനിക്കുന്നതുമായ തരത്തില്‍ ഒട്ടേറെ ഓണ്‍ലൈന്‍ റിപ്പോര്‍ട്ടുകള്‍ കാണുകയുണ്ടായി. അതിജീവിതക്കൊപ്പം ഉറച്ച് നിന്ന ഞങ്ങളുടെ ‘ഇപ്പോഴത്തേയും’ സ്ഥാപക അംഗത്തിനെതിരെ നടക്കുന്ന ഈ സൈബര്‍ അറ്റാക്കുകള്‍ക്കെതിരെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു. ഓരോ അംഗത്തിനും അവരുടെ സ്വന്തം അനുഭവങ്ങളെക്കുറിച്ച് ഭയം കൂടാതെ സംസാരിക്കാന്‍ അവകാശമുണ്ടെന്ന് WCC കരുതുന്നു. മറിച്ചു പറയുന്നത് പുരുഷാധിപത്യത്തിന്റെ പൊതു രീതിയാണ്.

ഒരു സിവില്‍ സമൂഹം, സ്ത്രീകള്‍ അവരുടെ ജോലിസ്ഥലത്ത് ഇരകളാക്കപ്പെടുന്നതിനെക്കുറിച്ച് തിരിച്ചറിഞ്ഞ് പരിഹരിക്കാന്‍ ശ്രമിക്കുമ്പോള്‍, അതേ സമൂഹത്തിലെ അപരിഷ്‌കൃത ഘടകങ്ങള്‍, പ്രസ്തുത വിവരങ്ങള്‍ കലാകാരികളെ കല്ലെറിയാനും അപമാനിക്കാനും ഉപയോഗിക്കുന്നത് കണ്ടു കൊണ്ടിരിക്കാന്‍ ആവില്ല. ഈ വ്യവസായത്തില്‍ സ്ത്രീകളോട് പൊതുവേ നിലനില്‍ക്കുന്ന പിന്തിരിപ്പന്‍ മനോഭാവം തന്നെയാണ് ഇത് വീണ്ടും തെളിയിക്കുന്നത്.

കഴിവുകൊണ്ടും കഠിനാധ്വാനം കൊണ്ടും സ്വന്തമായി ഇടം ഉണ്ടാക്കിയ ഒട്ടനവധി സ്ത്രീകള്‍ എക്കാലത്തും സിനിമാരംഗത്ത് ഉണ്ടായിരുന്നു.നിരവധി പ്രതിബന്ധങ്ങള്‍ക്കിടയിലും തീജ്വാല പോലെ ഈ സ്ത്രീകള്‍ തിളങ്ങി നില്‍ക്കുന്ന, നിന്നിരുന്ന ഒരു ഇടമാണിത്. അവരെ അപമാനിക്കാനല്ല ഈ പഠനം ഉപയോഗിക്കേണ്ടത്. പരിഹരിക്കേണ്ടവ മനസ്സിലാക്കി തിരുത്തി മുന്നോട്ടു പോകാനുള്ള ആര്‍ജ്ജവമാണ് വേണ്ടത്.”

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com