ജനപ്രിയ മെസേജിങ് ആപ്ലിക്കേഷൻ വാട്സാപ്പിന്റെ ഡിസൈനിൽ വൻ മാറ്റം വന്നേക്കുമെന്ന് റിപ്പോര്‍ട്ട്. വാബീറ്റാഇൻഫോ പുറത്തുവിട്ട സ്‌ക്രീൻഷോട്ടുകൾ അനുസരിച്ച് വർഷങ്ങളായി കണ്ടുവന്ന വാട്സാപ്പിന്റെ ഡിസൈൻ പരിഷ്കരിച്ചേക്കുമെന്നാണ് സൂചന. ചാറ്റിങ് അനുഭവം മെച്ചപ്പെടുത്തുന്നതിനുള്ള ഫീച്ചറുകളിലേക്കും ഓപ്‌ഷനുകളിലേക്കും മികച്ച ആക്‌സസ് നൽകുന്നതിനായാണ് വാട്സാപ്പിന്റെ പുതിയ നീക്കമെന്നും കരുതുന്നു.
വാട്സാപ്പിന്റെ ആൻഡ്രോയിഡ് ബീറ്റാ പതിപ്പുകളിലൊന്ന് പുതിയ മാറ്റം ആദ്യം പരീക്ഷിക്കുക. ആപ്ലിക്കേഷന്റെ ഉപയോക്തൃ ഇന്റർഫേസ് മൊത്തം മാറുമെന്നാണ് സ്ക്രീൻഷോട്ടുകളിൽ നിന്ന് മനസ്സിലാകുന്നത്. ആപ്പിന്റെ തഴെയാണ് പുതിയ നാവിഗേഷൻ ബാർ കാണുന്നത്. ചാറ്റുകൾ, കോളുകൾ, കമ്മ്യൂണിറ്റികൾ, സ്റ്റാറ്റസ് തുടങ്ങിയ ടാബുകൾക്ക് പുതിയ പ്ലെയ്‌സ്‌മെന്റും ദൃശ്യ രൂപവും നൽകി താഴേക്ക് മാറ്റുമെന്നാണ് പറയുന്നത്. ഇത് ഉപയോക്താക്കൾക്ക് ആപ്പിന്റെ താഴെ നിന്ന് വാട്സാപ്പിന്റെ വിവിധ വിഭാഗങ്ങൾ വേഗത്തിൽ നാവിഗേറ്റ് ചെയ്യുന്നത് എളുപ്പമാക്കും. നിലവിൽ ഈ ടാബുകളെല്ലാം ആപ്പിന്റെ മുകളിലാണ് വിന്യസിച്ചിരിക്കുന്നത്. ഇത് ചിലർക്ക് ടാബുകൾക്കിടയിൽ മാറുന്നതിന് അൽപം ബുദ്ധിമുട്ടാക്കുന്നുണ്ട്, കാരണം ഇക്കാലത്ത് മിക്ക ഫോണുകളിലും വലിയ ഡിസ്പ്ലേകളാണ് ഉള്ളത്.
ഉപയോക്താക്കൾ ഏറ്റവും കൂടുതൽ ആവശ്യപ്പെട്ട ഫീച്ചറുകളിൽ ഒന്നാണിതെന്നും അവർക്ക് മികച്ച മെസേജിങ് അനുഭവം നൽകുന്നതിനായി വാട്സാപ് ഒടുവിൽ വിലയ മാറ്റങ്ങൾ വരുത്തുകയാണെന്നും റിപ്പോർട്ടുകൾ പറയുന്നു.