തിരുവനന്തപുരം: വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ അഡ്വൈസറി ബോർഡ് ചെയർമാനായി ടി.പി. വിജയനെ വീണ്ടും തിരഞ്ഞെടുത്തു. ബാങ്കോക്കിൽനടന്ന ഗ്ലോബൽ സമ്മേളനത്തിൽ വെച്ചാണ് അടുത്ത രണ്ടു വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തത്.
മുൻ ഗ്ലോബൽ പ്രസിഡന്റുകൂടിയായ ഇദ്ദേഹം കഴിഞ്ഞ അരനൂറ്റാണ്ടിലേറെ സാമൂഹിക, സേവന മേഖലയിലെ നിറസാന്നിധ്യമാണ്. വേൾഡ് മലയാളി കൗൺസിലിൻ്റെ എല്ലാ പ്രവർത്തനങ്ങളിലും മുൻനിരയിൽ നിന്ന് നേതൃത്വം നൽകുന്ന ടി.പി. വിജയൻ പുണെ പ്രൊവിൻസ് ഫൗണ്ടർ ചെയർമാൻ, പ്രസിഡന്റ്, റീജൻ പ്രസിഡൻ്റ്, റീജൻ
ചെയർമാൻ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്, ഗ്ലോബൽ എത്തിക്സ് കമ്മിറ്റി ചെയർമാൻ, ഗ്ലോബൽ സെക്രട്ടറി ജനറൽ, ഗ്ലോബൽ വൈസ് പ്രസിഡന്റ് അഡ്മിൻ എന്നീ സ്ഥാനങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.
പുണെ മലയാളി ഫെഡറേഷൻ മുൻ പ്രസിഡന്റും കൂടിയായ വിജയൻ, നിലവിൽ ചിഞ്ച് വാഡ് മലയാളിസമാജം പ്രസിഡന്റും 3000-ത്തിലധികം കുട്ടികൾ പഠിക്കുന്ന സിഎംഎസ് സ്കൂൾ ചെ യർമാനുമാണ്. പിറവം സ്വദേശിയാണ്.



