ബൈജിങ്: പരീക്ഷണശാലയിൽ കൃത്രിമ സൂര്യനെ വിജയകരമായി പരീക്ഷിച്ച് ചൈനീസ് ശാസ്ത്രജ്ഞർ. ഏകദേശം 100 ദശലക്ഷം ഡിഗ്രി സെൽഷ്യസ് താപനിലയിൽ 18 മിനിറ്റ് നേരമാണ് കൃത്രിമ സൂര്യനെ ജ്വലിപ്പിച്ചത്. 15 ദശലക്ഷം ഡിഗ്രി സെൽഷ്യസാണ് സൂര്യന്‍റെ കേന്ദ്രത്തിലെ താപനില. ഇതിനെക്കാൾ ഏഴ് മടങ്ങ് കൂടുതൽ താപത്തിലാണ് ചൈനയുടെ കൃത്രിമ സൂര്യൻ ജ്വലിച്ചതെന്ന് ശാസ്ത്രജ്ഞർ അവകാശപ്പെടുന്നു.
അണുസംയോജന പ്രക്രിയയിലൂടെയാണ് (ന്യൂക്ലിയാർ ഫ്യൂഷൻ) കൃത്രിമ സൂര്യനെ വൻതോതിലുള്ള ഊർജ്ജനിലയിലെത്തിച്ചത്. യഥാർഥ സൂര്യനിലും അണുസംയോജന പ്രക്രിയയിലൂടെയാണ് താപം ഉൽപ്പാദിപ്പിക്കപ്പെടുന്നത്. ഭാവിയിൽ പരിധിയില്ലാത്ത ഊർജ ഉറവിടമാക്കി കൃത്രിമ സൂര്യനെ മാറ്റാനുള്ള ശ്രമത്തിലാണ് ചൈന.
കിഴക്കൻ ചൈനീസ് നഗരമായ ഹെഫീയിലെ എക്സ്പിരിമെന്റൽ അഡ്വാൻസ്ഡ് സൂപ്പർകണ്ടക്റ്റിങ് ടോകാമാക് (EAST) എന്ന പരീക്ഷണശാലയിലാണ് കൃത്രിമ സൂര്യനെ സൃഷ്ടിച്ചത്. ഹൈഡ്രജൻ, ഡ്യുട്ടീരിയം ഗ്യാസ് എന്നിവയാണ് ഇതിൽ ഇന്ധനമായി ഉപയോഗിച്ചത്.
വൻതോതിലുള്ള ഊർജ്ജോൽപ്പാദന പ്രക്രിയയാണ് സൂര്യനിൽ നടക്കുന്നത്. ഇതിന് സമാനമായ പ്രക്രിയ നിയന്ത്രിതമായി പരീക്ഷണശാലകളിൽ നടപ്പാക്കാനായാൽ ഭാവിയിലെ ഊർജ്ജ ആവശ്യങ്ങൾക്ക് പരിഹാരമാകുമെന്നാണ് കണക്കുകൂട്ടൽ. ഇതിന്‍റെ ഭാഗമായാണ് ഇത്തരം പരീക്ഷണങ്ങൾ.
2035ഓടെ ആദ്യത്തെ വ്യാവസായിക പ്രോട്ടോടൈപ്പ് ഫ്യൂഷൻ റിയാക്ടർ (അഥവാ കൃത്രിമ സൂര്യൻ) നിർമിക്കാനും 2050ഓടെ ഈ നൂതന സാങ്കേതികവിദ്യ വലിയ തോതിലുള്ള വാണിജ്യ ഉപയോഗത്തിന് ഒരുക്കാനുമാണ് ചൈനീസ് ന്യൂക്ലിയർ കോർപറേഷൻ പദ്ധതിയിടുന്നത്.