റോം: ഇറ്റലിയിലെ ടസ്കൻ പ്രദേശത്ത് ദയാവധം നിയമവിധേയമാക്കി. പ്രാദേശിക കൗൺസിൽ നടത്തിയ വോട്ടെടുപ്പിനെത്തുടർന്നാണ് വൈദ്യസഹായത്തോടെ മരണംവരിക്കാൻ അനുവദിക്കുന്ന നിയമം ടസ്കൻ റീജൻ അംഗീകരിച്ചത്. റീജനൽ കൗൺസിൽ ആകെയുള്ള 41 അംഗങ്ങളിൽ 27 പേർ ദയവധത്തിന് അനുകൂലമായി വോട്ടുചെയ്തപ്പോൾ, 13 അംഗങ്ങൾ എതിർത്തു വോട്ടുചെയ്തു. ഒരാൾ വോട്ടെടുപ്പിൽ നിന്നു വിട്ടുനിന്നു.
നിയമം പാസായതോടെ ദയാവധം നിയമവിധേയമാക്കുന്ന ഇറ്റലിയിലെ ആദ്യത്തെ മേഖലയായി മാറിയിരിക്കുകയാണ് ടസ്കൻ. ഭരണഘടനാ കോടതി 2019 ൽ ഇറ്റലിയിൽ ദയാവധം നിയമവിധേയമാക്കിയിട്ടുള്ളതാണെങ്കിലും അത് എങ്ങനെ നടപ്പിലാക്കണമെന്ന് നിർവചിക്കാൻ അന്നുമുതൽ പാർലമെന്റിനോട് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടുള്ളതാണ്.വൈദ്യസഹായത്തോടെയുള്ള മരണം നടപ്പിലാക്കുന്നതിന് ദേശീയതലത്തിൽ ഒരു നിയമചട്ടക്കൂടും ഇപ്പോൾ നിലവിലില്ല.
മരിക്കാനുള്ള അവകാശം നിയമപരമായി അംഗീകരിച്ചതിനെതിരെ വ്യാപകമായ വിമർശനങ്ങളും ഉയരുന്നുണ്ട്. പർതീതോ ഡെമോക്രാറ്റിക്കോ, ഇറ്റാലിയ വിവ, മൂവിമെൻ്റോ 5 സ്റ്റെല്ലി തുടങ്ങിയ പാർട്ടികൾ നിയമത്തെ അനുകൂലിച്ചുപ്പോൾ, ഫ്രാദേല്ലി ദി ഇറ്റാലിയ, ലെഗ, ഫോർസ ഇറ്റാലിയ എന്നീ പാർട്ടികൾ നിയമത്തെ എതിർത്തു.
മരിക്കാനുള്ള അവകാശത്തെ അനുകൂലിക്കുന്നവവരുടെ നേതൃത്വത്തിൽ 1.2 ദശലക്ഷത്തിലധികംപേർ ഒപ്പിട്ട ഒരു നിവേദനത്തിലൂടെ, ദയാവധം കുറ്റകരമല്ലാതാക്കുന്നതിന് ഒരു റഫറണ്ടം ആവശ്യപ്പെടുന്ന ഹർജി 2022 ൽ സമർപ്പിച്ചെങ്കിലും ഭരണഘടനാ കോടതി അതു തള്ളിക്കളഞ്ഞിരുന്നു.



