കയ്‌റോ: വെടിനിർത്തൽ കരാറിലെ വ്യവസ്ഥകൾ പ്രകാരം മൂന്ന് ബന്ദികളെ ഇസ്രയേലിന് കൈമാറി ഹമാസ്. ബന്ദികളെ കൈമാറില്ലെന്ന് ഹമാസ് ആദ്യം നിലപാടെടുത്തിരുന്നെങ്കിലും പിന്നീട് ശനിയാഴ്ച ബന്ദികളെ മോചിപ്പിക്കുമെന്ന് അറിയിച്ചിരുന്നു. ഇത് പ്രകാരമാണ് ബന്ദികൈമാറ്റം നടന്നത്.
മോചിപ്പിച്ച ബന്ദികള്‍ ഇസ്രയേലില്‍ തിരിച്ചെത്തിയതായി ഇസ്രയേല്‍ സൈന്യം അറിയിച്ചിട്ടുണ്ട്. വെടിനിര്‍ത്തല്‍ കരാറിലെ പ്രധാനവ്യവസ്ഥകളിലൊന്നായിരുന്നു ബന്ദി കൈമാറ്റം. ഇത് പ്രകാരം 369 പലസ്തീന്‍ തടവുകാര്‍ക്ക് പകരമായാണ് ഇസ്രയേലില്‍ നിന്നുള്ള മൂന്ന് ബന്ദികളെ കൈമാറുന്നത്. നേരത്തേ വെടിനിർത്തൽ കരാറിലെ വ്യവസ്ഥകൾ ഇസ്രയേൽ പാലിച്ചില്ലെന്നാരോപിച്ചാണ് ബന്ദിമോചനം വൈകിപ്പിക്കുമെന്ന് ഹമാസ് ഭീഷണിമുഴക്കിയിരുന്നത്. എന്നാൽ ബന്ദികളെ മോചിപ്പിച്ചില്ലെങ്കിൽ യുദ്ധം പുനരാരംഭിക്കുമെന്ന് ഇസ്രയേലും ഭീഷണിപ്പെടുത്തി.
ജൂലായ് 19-നാണ് ഇസ്രയേൽ-ഹമാസ് വെടിനിർത്തൽക്കരാറിന്റെ 42 ദിവസം നീളുന്ന ആദ്യഘട്ടം നിലവിൽവന്നത്. അതനുസരിച്ച് 33 ബന്ദികളെ ഹമാസും രണ്ടായിരത്തോളം പലസ്തീൻ തടവുകാരെ ഇസ്രയേലും വിട്ടയയ്ക്കണം. അടുത്തിടെ 21 ബന്ദികളെ ഹമാസ് കൈമാറിയപ്പോൾ 730-ലേറെ തടവുകാരെ ഇസ്രയേലും മോചിപ്പിച്ചിരുന്നു.
എന്നാൽ, കെട്ടിടാവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനുള്ള ഉപകരണങ്ങൾ, കൂടാരങ്ങൾ, ഇന്ധനം, ചികിത്സയ്ക്കാവശ്യമായ സാമഗ്രികൾ എന്നിവ ഗാസയിലെത്തുന്നത് ഇസ്രയേൽ വൈകിപ്പിക്കുന്നെന്നാണ് ഹമാസിന്റെ ആരോപണം. ഇതിന്റെപേരിലാണ് ബന്ദിമോചനം വൈകിപ്പിക്കുമെന്ന് അവർ പറഞ്ഞത്. ശനിയാഴ്ച ഉച്ചയോടെ മുഴുവൻ ബന്ദികളെയും വിട്ടയച്ചില്ലെങ്കിൽ ഗാസയിൽ ആക്രമണം പുനരാരംഭിക്കുമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഭീഷണിപ്പെടുത്തിയിരുന്നു.