കീവ്: റഷ്യയ്ക്ക് യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ താല്പര്യമില്ലെന്ന് യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്‌കി. ഉന്നതതല ചർച്ചകൾ നടക്കുന്ന ദിവസത്തിൽ പോലും റഷ്യയുടെ തുടർച്ചയായ ആക്രമണങ്ങൾ നടക്കുകയാണെന്നും യുദ്ധം അവസാനിപ്പിക്കാൻ മോസ്‌കോയ്ക്ക് ഉദ്ദേശമില്ലെന്ന് തെളിയിക്കുന്നതാണ് ഇതെന്നും സെലെൻസ്‌കി പറഞ്ഞു. ഉന്നതതല ചർച്ചകൾ നടക്കുമ്പോഴും റഷ്യ കൊന്നുകൊണ്ടിരിക്കുകയാണ് ഇത് വളരെയേറെ കാര്യങ്ങളാണ് നമ്മോട് പറയുന്നതെന്നാണ് സെലൻസ്‌കി എക്‌സിൽ പങ്കുവെച്ച വീഡിയോവിൽ പറഞ്ഞത്.
യുദ്ധത്തിന്‍റെ ന്യായമായ ഒരു അന്ത്യത്തിനായി യുക്രൈൻ വാഷിംഗ്ടണുമായും യൂറോപ്യൻ സ്യകക്ഷികളുമായും അടുത്ത ബന്ധം പുലർത്തുന്നുണ്ടെന്നും സെലെൻസ്‌കി പറഞ്ഞു. യുദ്ധം അവസാനിപ്പിക്കാൻ യുക്രെയ്ൻ കഴിയുന്നത്ര പ്രവർത്തിക്കാൻ തയ്യാറാണ്, അമേരിക്കയിൽ നിന്ന് ശക്തമായ ഒരു നിലപാട് ഞങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.



