യാങ്കൂൺ : മ്യാൻമറിലെ സംഘർഷമേഖലയായ റാഖൈൻ സംസ്ഥാനത്ത് പട്ടാളം നടത്തിയ ബോംബാക്രമണത്തിൽ 19 വിദ്യാർഥികൾ കൊല്ലപ്പെട്ടു. ബോർഡിങ് സ്കൂളിലെ 15 നും 19 നും ഇടയിൽ പ്രായമുള്ള കുട്ടികളാണു കൊല്ലപ്പെട്ടതെന്ന് യുനിസെഫ് അറിയിച്ചു.
ബംഗ്ലദേശ് അതിർത്തിയോടു ചേർന്ന റാഖൈനിൽ സ്വയംഭരണാവകാശം ആവശ്യപ്പെട്ടു വർഷങ്ങളായി പട്ടാളവുമായി വിമതർ രൂക്ഷയുദ്ധത്തിലാണ്. കഴിഞ്ഞവർഷങ്ങളിൽ പട്ടിണിയും പീഡനവും മൂലം ലക്ഷക്കണക്കിനു റോഹിൻഗ്യൻ മുസ്‌ലിംകളാണ് പലായനം ചെയ്തത്. ഡിസംബറിൽ പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പട്ടാള ഭരണകൂടം അതിനു മുൻപേ വിമതരുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങൾ തിരിച്ചുപിടിക്കാനാണ് ആക്രമണം രൂക്ഷമാക്കിയത്.
കഴിഞ്ഞമാസം മാത്രം പട്ടാളം രാജ്യമെങ്ങും 500 വ്യോമാക്രമണങ്ങൾ നടത്തിയെന്നാണു മനുഷ്യാവകാശ സംഘടനകളുടെ കണക്ക്. ഈ ആക്രമണങ്ങളിൽ 15 സ്കൂളുകളിലായി 40 വിദ്യാർഥികൾ കൊല്ലപ്പെട്ടിരുന്നു.



