ന്യൂഡൽഹി: അടച്ചിട്ട വീടുകൾക്ക് നികുതി ഏർപ്പെടുത്തിയ സംസ്ഥാന ബജറ്റ് പ്രഖ്യാപനത്തിനെതിരെ വേൾഡ് മലയാളി കൗൺസിൽ. പ്രവാസികളെ ഗുരുതരമായി ബാധിക്കുന്ന ഈ തീരുമാനത്തിൽ നിന്നും സംസ്ഥാന സർക്കാർ പിന്മാറണം. നിരവധി പ്രവാസികൾ തൊഴിൽ തേടി ഇന്ന് അന്യനാടുകളിലുണ്ട്. അവരിൽ ഭൂരിപക്ഷം ആളുകളുടെയും ഭവനങ്ങൾ അടച്ചിട്ടിരിക്കുകയാണ് നിലവിൽ. ഇവരോടു ചെയ്യുന്ന അനീതിയാണ് ഇത്തരം വീടുകളിൽ നിന്നുള്ള നികുതി പിരിയ്ക്കൽ. ഇതിനെ എങ്ങനെയാണ് അംഗീകരിക്കാൻ കഴിയുക? കേരളത്തിൻ്റെ സാമ്പത്തിക സ്ഥിതിയിലെ നിർണായക ശക്തികളായ പ്രവാസികളെ ലക്ഷ്യം വച്ചുള്ള നടപടിയായി മാത്രമേ ഇതിനെ കാണാൻ കഴിയുകയുള്ളു.
പല പ്രവാസികൾക്കും ഇതൊരു അധിക ചെലവായി മാറും. യാതൊരു ഗുണവും ഇതിൽ നിന്ന് അവർക്ക് ലഭിക്കുന്നുമില്ല. കോവിഡാനന്തരം പലരും വീണ്ടും കുടുംബത്തോടെ പ്രവാസ ലോകത്തേക്ക് എത്തി തുടങ്ങിയ കാലത്താണ് ഇത്തരമൊരു പ്രഖ്യാപനവും എന്നത് ശ്രദ്ധേയമാണ്. പ്രവാസികളുടെ ഭവനങ്ങൾക്ക് കരുതൽ പകരേണ്ട സർക്കാരിൽ നിന്നും ഇത്തരം തീരുമാനങ്ങൾ അപ്രതീക്ഷിതമാണ്.
ഇതിൻ്റെ ഗൗരവം ഉൾക്കൊള്ളാനും നികുതിഭാരം പിൻവലിക്കാനും സംസ്ഥാന സർക്കാർ തയാറാകണമെന്ന് പ്രമേയത്തിലൂടെ അവതരിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട പരാതി മുഖ്യമന്ത്രി, ധനമന്ത്രി, നോർക്ക ചെയർമാൻ എന്നിവർക്ക് കൈമാറിയതായും ഭാരവാഹികൾ അറിയിച്ചു. ന്യൂഡൽഹിയിൽ ചേർന്ന യോഗത്തിൽ
ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള, ഗ്ലോബൽ വൈസ് പ്രസിഡൻ്റ് അഡ്മിൻ
സി. യു. മത്തായി, ഗ്ലോബൽ അഡ്വസറി ബോർഡ് മെബർ വർഗീസ് പനക്കൽ, ഗ്ലോബൽ സെക്രട്ടറി ടി വി എൻ കുട്ടി, ഗ്ലോബൽ എൻ ആർ ഐ ഫോറം ചെയർമാൻ മൂസ കോയ, ഡൽഹി പ്രൊവിൻസ് പ്രസിഡൻ്റ് ഡൊമിനിക് ജോസഫ്, യു പി പ്ലസ് പ്രൊവിൻസ് പ്രസിഡൻ്റ് അലക്സാണ്ടർ ഡാനിയേൽ, വൈസ് ചെയർമാൻ തോമസ് ടി. റോയി, ജോയിൻ്റ് സെക്രട്ടറി വർഗീസ് തോമസ്, ട്രഷറർ റോയിസൺ കെ സാമുവൽ, എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ സണ്ണി തോമസ് എന്നിവർ പങ്കെടുത്തു.