ന്യൂഡല്‍ഹി: ഒത്തുച്ചേരലിന്റെയും കൂട്ടായ്മയുടേയും ആഘോഷമായി വേള്‍ഡ് മലയാളി കൗണ്‍സില്‍ ത്രിദിന ഗ്ലോബല്‍ കോണ്‍ഫറന്‍സ് സമാപിച്ചു. ന്യൂഡല്‍ഹി അശോക ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുളള പ്രതിനിധികള്‍ പങ്കെടുത്തു.
ഗ്ലോബല്‍ കോണ്‍ഫറന്‍സ് സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രവാസി മലയാളികളുടെ ക്ഷേമത്തിനു മലയാളി സംഘടനകള്‍ ഒരുമിച്ചു പ്രവര്‍ത്തിക്കണമെന്നും വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.
ഗ്ലോബല്‍ ചെയര്‍മാന്‍ ജോണി കുരുവിള പതാക ഉയര്‍ത്തിയതോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്. തുടര്‍ന്നു കേന്ദ്രമന്ത്രി വി. മുരളീധരന്റെ ഔദ്യോഗിക വസതിയില്‍ പ്രതിനിധി സമ്മേളനം ചേര്‍ന്നു. 55 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനം മിസൂറി സിറ്റി മേയര്‍ റോബിന്‍ ഇലക്കാട്ട് ഉദ്ഘാടനം ചെയ്തു. മോന്‍സ് ജോസഫ് എംഎല്‍എ, വേള്‍ഡ് മലയാളി കൗണ്‍സില്‍ ഭാരവാഹികളായ ജോണി കുരുവിള, ടി. പി. വിജയന്‍, ജെയിംസ് കൂടല്‍, ഐസക്ക് ജോണ്‍ പട്ടാണിപ്പറമ്പില്‍, പോള്‍ പാരിപ്പിളളി, ഡോ. എ. വി. അനൂപ്, ബേബി മാത്യു സോമതീരം, ഡൊമനിക്ക് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
ലഹരിക്കെതിരെ സംഘടിപ്പിച്ച വോക്കത്തണ്‍ സിആര്‍പിഎഫ് കമന്‍ഡാന്റ് സുരേന്ദ്ര കുമാര്‍ മെഹ്‌റ ഫ്‌ളാഗ് ഓഫ് ചെയ്തു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഇരുനൂറിലേറെ പ്രതിനിധികളും സിആര്‍പിഎഫ് ജവാന്‍മാരും വോക്കത്തണില്‍ പങ്കാളികളായി. വേള്‍ഡ് മലയാളി കൗണ്‍സില്‍ ഇന്ത്യ റീജന്‍ പ്രസിഡന്റ് ഡൊമിനിക് ജോസഫ്, ഡല്‍ഹി പ്രോവിന്‍സ് പ്രസിഡന്റ് ജോര്‍ജ് കുരുവിള, വൈസ് ചെയര്‍മാന്‍ മാനുവല്‍ മെഴുകനാല്‍, ജനറല്‍ സെക്രട്ടറി സജി തോമസ്, ഇന്ത്യ റീജന്‍ വിമന്‍സ് ഫോറം പ്രസിഡന്റ് ഗീത രമേഷ് എന്നിവര്‍ നേതൃത്വം നല്‍കി.
‘സ്ത്രീ ശാക്തീകരണം’ എന്ന വിഷയത്തില്‍ സിപിഐ നേതാവ് ആനി രാജ പ്രഭാഷണം നടത്തി. ആരോഗ്യ സെമിനാറില്‍ ഡോ. ജോസ് ചാക്കോ പെരിയപ്പുറം, ഡോ. ജേക്കബ് ഈപ്പന്‍ (കലിഫോര്‍ണിയ), ഡോ. രാജേശ്വരി നാരായണന്‍കുട്ടി (ഒമാന്‍) എന്നിവര്‍ പങ്കെടുത്തു.തുടര്‍ന്നു നടന്ന ഓപ്പണ്‍ ഫോറത്തില്‍ കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കു പ്രവാസികളുടെ കൂടുതല്‍ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനുള്ള ചര്‍ച്ച നടന്നു. ബിസിനസ്സ്മീറ്റിന് ഡോ. ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍ മോഡറേറ്ററായിരുന്നു. രാജന്‍ സക്കറിയ, കെ. രഘുനാഥ്, പി. കെ. നമ്പ്യാര്‍, പി. കെ. ഡി. നമ്പ്യാര്‍ എന്നിവര്‍ പങ്കെടുത്തു.
സമാപന സമ്മേളനത്തില്‍ നോര്‍ക്ക വൈസ് ചെയര്‍മാര്‍ പി. ശ്രീരാമകൃഷ്ണന്‍ പങ്കെടുത്തു. വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ പ്രസിഡന്റായി തോമസ് മൊട്ടയ്ക്കല്‍, ചെയര്‍മാന്‍ ജോണി കുരുവിള തുടങ്ങിയ ഭാരവാഹികള്‍ അധികാരമേറ്റു.
ഏഷ്യാനെറ്റ് ന്യൂസുമായി സഹകരിച്ച് ‘ദേശത്തിനു വേണ്ടി പാടാം, ലഹരിക്കെതിരെ’ എന്ന സന്ദേശവുമായി അരങ്ങേറിയ സംഗീത വിരുന്ന് ശ്രദ്ധേയമായി. സിനിമാതാരം ജയരാജ് വാര്യര്‍ ഒരുക്കിയ കാരിക്കേച്ചര്‍ ഷോയും അരങ്ങേറി.