തിരുവനന്തപുരം: രാഷ്ട്രീയ ഭേദമന്യേ ഏതൊരു മലയാളിയുടെയും മനസ്സിൽ ഇടം നേടിയ വ്യക്തിത്വമാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെന്ന് വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ സെക്രട്ടറി ജനറൽ ദിനേശ് നായർ അനുശോചനക്കുറിപ്പിൽ പറഞ്ഞു. കല്ലെറിയുന്നവരുടെ മുന്നിലും ചെറുപുഞ്ചിരിയോടെ സധൈര്യം ചെന്ന് നിൽക്കുന്ന ഒരു മനുഷ്യനായിരുന്നു അദ്ദേഹം. ലോകത്തിന്റെ ഏത് കോണിലുമുള്ള മലയാളിക്കും ആശ്വാസമായിരുന്നു. സാന്ത്വനവും പ്രതീക്ഷയുമായിരുന്നു ഉമ്മൻ ചാണ്ടി. ‘സ്നേഹം’ കൊണ്ട് ലോകം ജയിച്ച സകലർക്കും ഒരുപോലെ നാഥൻ ആയി അധികാരം അലങ്കാരമായി കാണാതെയും, അഹങ്കരിക്കാതെയും, ആൾക്കൂട്ടത്തിന് നടുവിൽ ജീവിച്ച നേതാവുമായിരുന്നു അദ്ദേഹം.
മലയാളികളുടെ മുഴുവൻ ആദരണീയനായ നേതാവായിരുന്നു. സംസ്ഥാനത്തെ ജനങ്ങളുടെ, പ്രത്യേകിച്ച് പ്രവാസികളുടെ ക്ഷേമത്തിനായി അദ്ദേഹം ചെയ്ത പ്രവർത്തനങ്ങൾ അത്ഭുതത്തോടെയാണ് എന്നും നോക്കി കണ്ടിട്ടുള്ളത്. ആ വ്യക്തിപ്രഭാവത്തിന്റെ വിടവ് വാക്കുകൾക്കധീതവും നാടിന് മുഴുവൻ നികത്താവുന്നതിന് അപ്പുറവുമാണ്. ഒരു കുടുംബത്തിന്റെ നെടുംതൂണ്‍ നഷ്ടമാകുമ്പോള്‍ ഉണ്ടാകുന്ന ശൂന്യതയാണ് അദ്ദേഹത്തിന്റെ വിയോഗം മൂലം നമ്മുടെ സംസ്ഥാനത്തിനും, വ്യക്തിപരമായി എനിക്കുമുണ്ടാക്കിയിട്ടുള്ളത് എന്ന് വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ പ്രസിഡന്റ് തോമസ് മൊട്ടക്കൽ അറിയിച്ചു.
വേൾഡ് മലയാളി കൗൺസിലിന്റെ തുടക്കം മുതൽ സന്തത സഹചാരിയായി ഒപ്പം നിന്ന കരുത്താണ് ഉമ്മൻ ചാണ്ടിയെന്നും കേരളം കണ്ട ഏറ്റവും ജനകീയ നേതാവും ജനഹൃദങ്ങളിൽ മായാത്ത മുദ്ര പതിപ്പിച്ച സൗമ്യനായ വ്യക്തിത്വമായിരുന്നു അദ്ദേഹമെന്നും വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള പറഞ്ഞു.
ജന കോടികളുടെ ഹൃദയങ്ങളിൽ സ്നേഹ സാന്നിദ്ധ്യമായ ഓർമയായി എന്നെന്നും പ്രിയപ്പെട്ട ഉമ്മൻ ചാണ്ടി ഉണ്ടാകുമെന്ന് ഗ്ലോബൽ ട്രഷറർ ഷാജി എം മാത്യു പറഞ്ഞു. അദ്ദേഹത്തിന്റെ വേർപാടിൽ രാഷ്ട്രീയ കേരളത്തിന്റെ ദുഃഖത്തോടൊപ്പം പങ്കുചേരുന്നുവെന്നും വേൾഡ് മലയാളീ കൗൺസിൽ ഗ്ലോബൽ നേതാക്കൾ അറിയിച്ചു.