തെക്കന്‍ ചൈനയിൽ മഴ കനക്കുന്നു. ഗ്വാങ്ഡോങ് പ്രവശ്യയിൽ മഴ കനത്തതിനെത്തുടർന്ന് വലിയ വെള്ളപ്പൊക്കവുമുണ്ടായി. ചൈനയിൽ ഏറ്റവുമധികം ആളുകൾ തിങ്ങിപ്പാർക്കുന്ന സ്ഥലമാണ് ഇത്. പ്രധാനപ്പെട്ട നദികളില്‍ ജല നിരപ്പ് ഉയരുകയാണ് വെള്ളപ്പൊക്കം നിയന്ത്രണാതീതമാകുകയാണെന്നും ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നൂറ് വർഷത്തിനിടെ ആദ്യമായാണ് നദികളില്‍ ഇത്രത്തോളം ജലനിരപ്പ് ഉയരുന്നത് എന്നാണ് ഔദ്യോഗിക വൃത്തങ്ങൾ അറിയിക്കുന്നത്.
പല പ്രദേശങ്ങളിലും വ്യാപകമായി നാശനഷ്ടങ്ങളുണ്ടായി. ആർക്കെങ്കിലും മരണം സംഭവിച്ചതായി ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാൽ 11 പേരെ കാണാതായിട്ടുണ്ട് . ക്വിംഗ്യാൻ പ്രദേശത്ത് നിന്നും 45000ലധികം പേരെ മാറ്റിപ്പാർപ്പിച്ചു. പത്ത് ലക്ഷത്തിലധികം കുടുംബങ്ങളെ പ്രളയം ഇതുവരെ ബാധിച്ചെന്നും കണക്കുകൾ പറയുന്നു. കാലാവസ്ഥ മോശമായി തുടരുന്നതുകൊണ്ട് പലയിടത്തും വൈദ്യുതി നഷ്ടമായിട്ടുണ്ട്. ഗതാഗതവും സ്തംഭിച്ചു.
പ്രദേശത്ത് ഈ മാസമുണ്ടാകുന്ന രണ്ടാമത്തെ വലിയ പ്രളയമാണ് ഇത്. രണ്ടാഴ്ച്ച മുൻപ് സ്ഥലത്ത് വലിയ തോതിൽ ഇടിമുഴക്കമുണ്ടായിരുന്നു. നിലവിലെ അവസ്ഥ ഭീകരമാണെന്ന് അധികൃതർ പറയുന്നു