ടെൽഅവീവ്: ഇസ്രായേലിൽ അൽജസീറയുടെ പ്രവർത്തനം അവസാനിപ്പിക്കാൻ മന്ത്രി സഭയിൽ പ്രമേയം പാസ്സാക്കി ബെഞ്ചമിൻ നെതന്യാഹുവിന്റെ മന്ത്രിസഭ. ‘തീരുമാനം മന്ത്രിസഭ ഒറ്റക്കെട്ടായി പാസാക്കിയെന്നും അതിനാൽ ഉടൻ തന്നെ പ്രവർത്തനം അവസാനിപ്പിക്കണമെന്നുമുള്ള സന്ദേശം’ ലഭിച്ചതായി അൽജസീറ റിപ്പോർട്ട് ചെയ്തു. അൽജസീറയടക്കമുള്ള മാധ്യമങ്ങളെ രാജ്യത്ത് നിന്ന് പുറന്തള്ളുന്നതിന്റെ ഭാഗമായി കഴിഞ്ഞ മാസം രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്ന മാധ്യമ സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നത് അനുവദിച്ചുള്ള ബിൽ മന്ത്രിസഭ പാസാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അൽജസീറയുടെ പ്രവർത്തനം രാജ്യത്ത് അവസാനിപ്പിക്കുന്നതിൽ മന്ത്രിസഭയിൽ വോട്ടെടുപ്പ് നടന്നത്.
വോട്ടെടുപ്പിൽ തീരുമാനത്തിന് അംഗീകാരം ലഭിച്ചതോടെ മന്ത്രിസഭാ പ്രഖ്യാപനം നെതന്യാഹു തന്നെ തന്റെ എക്‌സിലൂടെ കുറിച്ചു. ‘തന്റെ നേതൃത്വത്തിലുള്ള സർക്കാർ ഇസ്രായേലിൽ അൽജസീറയുടെ പ്രവർത്തനം അവസാനിപ്പിക്കാൻ ഏകകണ്ഠമായി തീരുമാനമെടുത്തതായി’ നെതന്യാഹു പറഞ്ഞു. മന്ത്രിസഭ തീരുമാനത്തിൽ താൻ ഒപ്പുവെച്ചതായി ഇസ്രായേൽ കമ്മ്യൂണിക്കേഷൻ മിനിസ്റ്റർ ഷ്ലോമോ കാർഹിയും അറിയിച്ചു. ‘ക്യാമറകൾ, കമ്പ്യൂട്ടറുകൾ, വാർത്താ റിപ്പോർട്ട് ചെയ്യാൻ ഉപയോഗിക്കുന്ന മറ്റ് വസ്തുക്കളും പിടിച്ചെടുക്കുവാൻ നിർദേശം നൽകിയതായും’ അദ്ദേഹം പറഞ്ഞു.