ന്യൂഡല്‍ഹി: റഷ്യ ഇന്ത്യയുടെ എക്കാലത്തെയും സുഹൃത്താണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി.
രണ്ട് ദിവസത്തെ റഷ്യന്‍ സന്ദര്‍ശനത്തിനെത്തിയ നരേന്ദ്ര മോഡി റഷ്യയിലെ ഇന്ത്യന്‍ പ്രവാസി സമൂഹത്തെ അഭിസംബോധനചെയ്യുകയായിരുന്നു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള പ്രസിഡന്റ് പുടിന്റെ ശ്രമങ്ങളെ മോഡി അഭിനന്ദിച്ചു. ഇരുവരും ഇതുവരെ 17 തവണ പരസ്പരം കണ്ടുമുട്ടിയിട്ടുണ്ടെന്നും ഈ കൂടിക്കാഴ്ചകളെല്ലാം പരസ്പര വിശ്വാസവും ബഹുമാനവും വര്‍ദ്ധിപ്പിക്കുന്നതിന് കാരണമായെന്നും അദ്ദേഹം തന്റെ പ്രസംഗത്തില്‍ പറഞ്ഞു.
റഷ്യന്‍ സൈന്യത്തിലേക്ക് സപ്പോര്‍ട്ട് സ്റ്റാഫുകളായി ഇന്ത്യക്കാരെ റിക്രൂട്ട് ചെയ്യുന്നത് അവസാനിപ്പിക്കാനും സേനയില്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നവരുടെ തിരിച്ചുവരവ് ഉറപ്പാക്കാനുമുള്ള ഇന്ത്യയുടെ ആഹ്വാനത്തിന് റഷ്യ വിശാലമായി ചെവികൊടുത്തതായി ഉന്നത വൃത്തങ്ങള്‍ ചൊവ്വാഴ്ച വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.
റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായുള്ള അനൗപചാരിക കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി വിഷയം ഉന്നയിച്ചത്.
റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷത്തില്‍ റഷ്യന്‍ സൈന്യത്തില്‍ സേവനമനുഷ്ഠിക്കുന്ന രണ്ട് ഇന്ത്യന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടതായി കഴിഞ്ഞ മാസം വിദേശകാര്യ മന്ത്രാലയം (എംഇഎ) വ്യക്തമാക്കിയിരുന്നു. ഈ മരണങ്ങളെത്തുടര്‍ന്ന്, റഷ്യന്‍ സൈന്യം ഇന്ത്യന്‍ പൗരന്മാരെ കൂടുതല്‍ റിക്രൂട്ട് ചെയ്യുന്നതിന് ‘വെരിഫൈഡ് സ്റ്റോപ്പ്’ വേണമെന്ന് ന്യൂഡല്‍ഹി ആവശ്യപ്പെട്ടിരുന്നു.