ന്യൂഡൽഹി: മൂന്നാം തവണയും പ്രധാനമന്ത്രിയായി അധികാരമേറ്റ നരേന്ദ്രമോദിക്ക് ആശംസകൾ നേർന്ന് ന്യൂസിലാൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്‌സൺ. പ്രധാനമന്ത്രി മോദിയുമായി ഫോണിൽ ബന്ധപ്പെട്ട് സംസാരിക്കുമ്പോഴായിരുന്നു ആശംസകൾ നേർന്നത്. ഇരു നേതാക്കളും വ്യാപാര-സാമ്പത്തികം , മൃഗസംരക്ഷണം, ഫാർമസ്യൂട്ടിക്കൽസ്, വിദ്യാഭ്യാസം, ബഹിരാകാശം തുടങ്ങിയ മേഖലകളിൽ പരസ്പര പ്രയോജനകരമായ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്താൻ തീരുമാനിച്ചു.
“ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംസാരിക്കുകയും സമീപകാല തെരഞ്ഞെടുപ്പ് വിജയത്തിൽ അഭിനന്ദിക്കുകയും ചെയ്തു. ന്യൂസിലൻഡിന് ഇന്ത്യക്കാരും കിവികളും സംയുക്തമായി നൽകുന്ന മഹത്തായ സംഭാവനയെ എത്രമാത്രം വിലമതിക്കുന്നുവെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. നമ്മുടെ രാജ്യങ്ങൾക്ക് ഒരുമിച്ചു ചെയ്യാൻ കഴിയുന്ന ഒരുപാട് കാര്യങ്ങളുണ്ട് ” ന്യൂസിലാൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്‌സൺ എക്‌സിൽ കുറിച്ചു.
ലക്‌സണിന്റെ ആശംസയ്‌ക്ക് നന്ദി പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂസിലൻഡിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയ്‌ക്കും ക്ഷേമത്തിനും വേണ്ടിയുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളെ അഭിനന്ദിക്കുകയും ന്യൂസിലൻഡുമായുള്ള ബന്ധം മുന്നോട്ട് കൊണ്ടുപോകാനുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധത എടുത്തുപറയുകയും ചെയ്തു .
2018ൽ നടന്ന സെൻസസ് പ്രകാരം 2,50,000 ഇന്ത്യക്കാരാണ് ന്യൂസിലൻഡിലതുള്ളത്. ഇത് ന്യൂസിലൻഡിലെ ആകെ ജനസംഖ്യയുടെ 5 ശതമാനമാണ്.