ലണ്ടന്‍: ഇംഗ്ലണ്ടില്‍ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ നടന്ന കലാപവുമായി ബന്ധപ്പെട്ട് 1,000 പേരെ യുകെ പൊലീസ് അറസ്റ്റ് ചെയ്തതായി അധികൃതര്‍ അറിയിച്ചു. ജൂലൈ 29 ന് മൂന്ന് പെണ്‍കുട്ടികള്‍ കുത്തേറ്റ് മരിച്ചതിനെത്തുടര്‍ന്നാണ് ഇംഗ്ലണ്ടിലെയും വടക്കന്‍ അയര്‍ലണ്ടിലെയും നിരവധി പട്ടണങ്ങളിലും നഗരങ്ങളിലും വ്യാപകമായി കലാപം പൊട്ടിപ്പുറപ്പെട്ടത്.
അടുത്തിടെയുണ്ടായ അക്രമാസക്തമായ സംഭവങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളമുള്ള പൊലീസ് സേന 1,000ത്തിലധികം അറസ്റ്റുകള്‍ നടത്തിയിട്ടുണ്ടെന്ന് നാഷണല്‍ പൊലീസ് ചീഫ്‌സ് കൗണ്‍സില്‍ (എന്‍പിസിസി) എക്സില്‍ കുറിച്ചു. നൃത്ത പരിശീലനത്തിനിടെ പെണ്‍കുട്ടികളെ കുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ കുറ്റവാളിയെ കുറിച്ച് പ്രചരിച്ച തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അക്രമങ്ങള്‍ വ്യാപകമായത്.
ഇയാളുടെ മാതാപിതാക്കള്‍ കുടിയേറ്റക്കാരായതിനാല്‍, മറ്റ് കുടിയേറ്റക്കാര്‍ക്കെതിരെയും പ്രതിഷേധം അക്രമാസക്തമാകുകയായിരുന്നു. അക്രമിയുടെ മാതാപിതാക്കള്‍ മുസ്ലീം മത വിഭാഗത്തില്‍പ്പെട്ടവരാണെന്ന് നവമാധ്യമങ്ങളിലടക്കം പ്രചാരണം ഉയരുകയും മുസ്ല്രീം വിഭാഗങ്ങള്‍ക്കെതിരെ അക്രമം വ്യാപിപ്പിക്കുകയുമായിരുന്നു.