ഗസ്സ: ഇസ്രായേൽ സൈന്യത്തിന്റെ ഗസ്സയിലെ കൂട്ടക്കുരുതി വെടിനിർത്തൽ ചർച്ചകൾക്കുമേൽ കരിനിഴൽ വീഴ്ത്തുന്നു. സ്വന്തം ജനങ്ങളെ കുരുതികൊടുത്ത് ഒരുവിധ ചർച്ചക്കും ഒരുക്കമല്ലെന്ന് ഹമാസ് പ്രസ്താവിച്ചു.
മധ്യസ്ഥ ചർച്ചക്ക് നേതൃത്വം നൽകുന്ന ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഫ്രാൻസിലെത്തി പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ഹമാസിന്റെ പ്രസ്താവന. ഈജിപ്തിന്റെയും ഖത്തറിന്റെയും മധ്യസ്ഥതയിൽ ആഴ്ചകളായി വെടിനിർത്തൽ ചർച്ച പുരോഗമിക്കുകയായിരുന്നു. ഉടൻ താൽക്കാലിക വെടിനിർത്തലുണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും വെളിപ്പെടുത്തിയിരുന്നു.
അതിനിടെ, ഫലസ്തീനിൽ സംയുക്ത സർക്കാർ രൂപവത്കരിക്കാൻ ഹമാസ്, ഫതഹ് പാർട്ടി പ്രതിനിധികൾ റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ യോഗം ചേരുമെന്ന വിവരവും പുറത്തുവന്നു. മൂന്നു ദിവസം നീളുന്ന യോഗത്തിൽ നിർണായക വിഷയങ്ങൾ ചർച്ചയാകുമെന്ന് ‘അൽ ജസീറ’ റിപ്പോർട്ട് ചെയ്തു.