ബാങ്കോക്ക്: തായ്‌ലന്‍ഡില്‍ വിദ്യാര്‍ഥികളുമായി പോവുകയായിരുന്ന സ്‌കൂള്‍ബസിന് തീപ്പിടിച്ചു. ബസില്‍ 38 വിദ്യാര്‍ഥികളെ കൂടാതെ ആറ് അധ്യാപകരും ഉണ്ടായിരുന്നു. 25- ഓളം വിദ്യാര്‍ഥികള്‍ക്ക് ജീവഹാനി സംഭവിച്ചതായി സംശയിക്കുന്നതായാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. അപകടത്തില്‍ വിദ്യാര്‍ഥികള്‍ മരിച്ചതായി സ്ഥിരീകരിച്ച തായ്‌ലന്‍ഡ് പ്രധാനമന്ത്രി പോടോങ്ടാന്‍ ഷിനവത്ര കുട്ടികളുടെ കുടുംബാംഗങ്ങളോട് അനുശോചനം അറിയിക്കുകയും ചെയ്തു.
44 പേര്‍ ബസിലുണ്ടായിരുന്നതായാണ് പ്രാഥമികവിവരമെന്നും മൂന്ന് അധ്യാപകരേയും 16 വിദ്യാര്‍ഥികളേയും ഇതിനോടകം രക്ഷപ്പെടുത്താന്‍ സാധിച്ചതായും ഗതാഗതമന്ത്രി സൂര്യ ജങ്ക്രുന്‍ഗ്രിയേകിത് അറിയിച്ചു. ബാക്കിയുള്ളവരെ കുറിച്ച് കൂടുതല്‍ വിവരം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉതായി താനി പ്രവിശ്യയില്‍ നിന്നുള്ള വിദ്യാര്‍ഥികളായിരുന്നു ബസിലുണ്ടായിരുന്നത്. ഹൈവേയിലൂടെ ബസ് സഞ്ചരിക്കുന്നതിനിടെ ടയര്‍ പൊട്ടുകയും വാഹനം ബാരിയറിലേക്ക് ഇടിച്ചുകയറുകയും ചെയ്തതായി രക്ഷാപ്രവര്‍ത്തകരില്‍ ഒരാള്‍ പ്രതികരിച്ചു. ഇടിയുടെ ആഘാതത്തില്‍ വാഹനത്തിന്റെ വാതകടാങ്ക് പൊട്ടിത്തെറിക്കുകയും തീപ്പിടിത്തമുണ്ടാകുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്.