റഷ്യ സാമ്പത്തികമാന്ദ്യത്തിന്റെ പടിവാതിലിലാണെന്ന് പുട്ടിൻ ഭരണകൂടം. സാമ്പത്തികകാര്യ മന്ത്രി മാക്സിം റെഷെട്നികോവ് ആണ് രാജ്യം ഏത് നിമിഷവും സാമ്പത്തികമാന്ദ്യത്തിലേക്ക് വീഴുമെന്ന് പരസ്യമായി പറഞ്ഞത്. കമ്പനികളുടെ പ്രകടനവും സാമ്പത്തിക സൂചികകളും ഇതാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
2022ലാണ് യുക്രെയ്നെതിരെ റഷ്യ യുദ്ധം ആരംഭിച്ചത്. പിന്നാലെ യൂറോപ്യൻ രാഷ്ട്രങ്ങളും യുഎസും റഷ്യക്കുമേൽ കടുത്ത ഉപരോധം ഏർപ്പെടുത്തിയതോടെയാണ് സാമ്പത്തികഞെരുക്കം തുടങ്ങിയത്. റഷ്യയുടെ മുഖ്യ വരുമാനമാർഗങ്ങളിലൊന്നായ ക്രൂഡ് ഓയിൽ, ഗ്യാസ് തുടങ്ങിയവയ്ക്കുമേലും കനത്ത ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഇന്ത്യ, ചൈന പോലുള്ള രാജ്യങ്ങൾക്ക് ഡിസ്കൗണ്ട് വിലയിൽ ക്രൂഡ് ഓയിൽ ലഭ്യമാക്കിയാണ് റഷ്യ ഇതു തരണം ചെയ്തത്.



