ന്യൂഡൽഹി: ഇന്ത്യയും EFTAയും തമ്മൽ TEPA കരാറിലേർപ്പെട്ടതിൽ സന്തോഷം പങ്കുവച്ച് നോർവേ. ചരിത്രപുസ്തക താളുകളിൽ ഇന്നത്തെ ദിവസം ഇടംപിടിക്കുമെന്ന് നോർവേയുടെ വ്യവസായ മന്ത്രി ജൻ ക്രിസ്റ്റ്യൻ വെസ്റ്റർ പ്രതികരിച്ചു. ഇന്നുനമുക്ക് ചെയ്യാൻ കഴിഞ്ഞത് തീർത്തും അഭിമാനകരമായ ചുവടുവയ്പ്പാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നിക്ഷേപ സാധ്യതകൾ അടങ്ങുന്ന മികച്ചതും സുസ്ഥിരവുമായ വ്യാപാരത്തിനായി പുതിയ വഴി തുറന്നിട്ടിരിക്കുകയാണ് കരാറെന്ന് ചൂണ്ടിക്കാട്ടിയ നോർവേ വ്യവസായ മന്ത്രി, ഇരുരാജ്യങ്ങളുടെയും പൊതുലക്ഷ്യങ്ങൾ കീഴടക്കാനും കാലാവസ്ഥാ വ്യതിയാനം, ദാരിദ്ര്യനിർമാർജ്ജനം എന്നീ വെല്ലുവിളികളെ മറികടക്കാനും കരാർ സഹായിക്കുമെന്ന് പ്രതികരിച്ചു.
ഇന്ത്യയുടെ EFTAയും (യൂറോപ്യൻ ഫ്രീ ട്രേഡ് അസോസിയൻ) തമ്മിലേർപ്പെട്ട കരാറിന് കേന്ദ്ര വ്യാപാരമന്ത്രി പീയൂഷ് ഗോയലാണ് അദ്ധ്യക്ഷത വഹിച്ചത്. നാല് യൂറോപ്യൻ രാജ്യങ്ങളടങ്ങിയ സംഘടനയാണ് EFTA അഥവാ യൂറോപ്യൻ ഫ്രീ ട്രേഡ് അസോസിയേഷൻ. ഐസ് ലാൻഡ്, ലിക്ടൺസ്റ്റീൻ, നോർവേ, സ്വിറ്റ്സർലാൻഡ് എന്നിവയാണ് കരാറിലേർപ്പെട്ട നാല് യൂറോപ്യൻ രാജ്യങ്ങൾ. EFTAയും ഭാരതവുമായി ഒപ്പുവച്ച വ്യാപാര-സാമ്പത്തിക പങ്കാളിത്ത കരാർ (TEPA) സ്വതന്ത്ര വാപാര കരാറാണ്. ഇത് രണ്ടിടങ്ങളിലെയും പ്രധാന ആഭ്യന്തര സേവന മേഖലകളിൽ നിക്ഷേപവും കയറ്റുമതിയും പ്രോത്സാഹിപ്പിക്കുന്നു. കരാറിൽ ഒപ്പുവയ്‌ക്കാൻ നാല് രാജ്യങ്ങളുടെ പ്രതിനിധികളും ഇന്ത്യയിലെത്തിയിരുന്നു.
കരാർ പ്രാബല്യത്തിൽ വന്നതിനു ശേഷമുള്ള ആദ്യ 10 വർഷത്തിനകം 50 ബില്യൺ ഡോളറിന്റെ നിക്ഷേപം ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. കൂടാതെ, ബ്ലോക്കിലുള്ള നാല് രാജ്യങ്ങളിൽ നിന്നായി 50 ബില്യൺ ഡോളറിന്റെ നിക്ഷേപം അടുത്ത 5 വർഷത്തിനുള്ളിൽ വേണമെന്നും ഭാരതം ആവശ്യപ്പെട്ടു. ഇതുവഴി രാജ്യത്ത് നേരിട്ടുള്ള ഒരു മില്യൺ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യം.