വത്തിക്കാൻസിറ്റി: യുക്രെയ്നിലും ഫലസ്തീനിലും യുദ്ധത്തിൽ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവർക്കായി പ്രാർഥിച്ച് പോപ് ഫ്രാൻസിസ് മാർപാപ്പയുടെ പുതുവത്സര സന്ദേശം. സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ പതിവ് അനുഗ്രഹ പ്രഭാഷണത്തിലാണ് അദ്ദേഹം യുദ്ധത്തിലും ആഭ്യന്തര സംഘർഷങ്ങളിലും ദുരിതം അനുഭവിക്കുന്നവരെ അനുസ്മരിച്ചത്.
‘വർഷം അവസാനിക്കുമ്പോൾ നാം നമ്മോടുതന്നെ ചില ചോദ്യങ്ങൾ ചോദിക്കണം. എത്ര മനുഷ്യജീവിതങ്ങളാണ് സായുധ സംഘട്ടനങ്ങളിൽ തകർക്കപ്പെട്ടത്. എത്രപേർ മരിച്ചു, എത്രത്തോളം നാശനഷ്ടങ്ങളുണ്ടായി, എത്രപേർ ദുരിതം സഹിക്കുന്നു, എത്രപേർ ദാരിദ്ര്യം അനുഭവിക്കുന്നു’. നിർമിത ബുദ്ധി അടക്കമുള്ള ആധുനിക സാങ്കേതിക വിദ്യ പുരോഗതിക്കും സമാധാനപരമായ സഹവർത്തിത്വത്തിനും ഉപയോഗിക്കാൻ രാഷ്ട്രനേതാക്കൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.