ന്യൂഡൽഹി: ഇന്ത്യൻ വിദ്യാർഥികൾക്ക് റിപ്പബ്ലിക് സമ്മാനവുമായി ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ. ഇന്ത്യയുടെ എഴുപത്തിയഞ്ചാമത് റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായി എത്തിയതാണ് മാക്രോൺ.
2030ൽ 30,000 ഇന്ത്യൻ വിദ്യാർഥികൾക്ക് ഫ്രാൻസിൽ വിദ്യാഭ്യാസത്തിനുള്ള അവസരം നൽകുമെന്ന് മാക്രോൺ അറിയിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ റിപ്പബ്ലിക് ആഘോഷങ്ങൾക്ക് മുൻപായിരുന്നു ഫ്രഞ്ച് പ്രസിഡൻ്റിൻ്റെ പ്രഖ്യാപനം.
2030ൽ 30,000 ഇന്ത്യൻ വിദ്യാർഥികൾ ഫ്രാൻസിൽ, ഇത് സാധ്യമാക്കാൻ ശ്രമിക്കും’ എന്ന് മാക്രോൺ വ്യക്തമാക്കി.
ഫ്രഞ്ച് ഭാഷ പഠിക്കാൻ പ്രത്യേക സെൻ്റർ ആരംഭിക്കും. രാജ്യത്തെ സർവകലാശാലകളിൽ ചേരുന്നതിന് ഫ്രഞ്ച് ഭാഷ് നിർബന്ധമാക്കാത്ത രീതിയിൽ രാജ്യാന്തര നിലവാരത്തിൽ ക്ലാസുകൾ ആരംഭിക്കും. ഫ്രാൻസിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് വിസ നടപടിക്രമങ്ങൾ ലഘൂകരിക്കുമെന്ന് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു.
ഇതിനായി അന്താരാഷ്ട്ര ക്ലാസുകൾ സജ്ജീകരിക്കും. ഫ്രഞ്ച് സംസാരിക്കാത്ത വിദ്യാർഥികൾക്ക് ഫ്രഞ്ച് പഠിക്കാനുള്ള പുതിയ ശൃംഖല വികസിപ്പിക്കും. ഫ്രാൻസിൽ പഠിച്ച ഏതൊരു മുൻ ഇന്ത്യൻ വിദ്യാർത്ഥികൾക്കും ഞങ്ങൾ വിസ പ്രക്രിയ സുഗമമാക്കും. പൊതുവിദ്യാലയങ്ങളിൽ നിന്ന് ഫ്രഞ്ച് പഠിക്കുന്നതിന് സൗകര്യമൊരുക്കുമെന്ന് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു.
2023 ജൂലൈയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി യുടെ ഫ്രാൻസ് സന്ദർശനത്തെ തുടർന്നാണ് ഇന്ത്യൻ വിദ്യാർഥികൾക്ക് ഫ്രാൻസിലെത്തി പഠിക്കാനുള്ള ധാരണയുണ്ടായത്. 30,000 ഇന്ത്യൻ വിദ്യാർഥികളെ സ്വാഗതം ചെയ്യുമെന്ന് മാക്രോൺ സൂചന നൽകിയിരുന്നു. ഇന്ത്യയുമായി സഹകരണബന്ധം ശക്തമാക്കുന്നതിൻ്റെ ഭാഗമാണ് ഫ്രാൻസിൽ നിന്ന് ഉന്നത വിദ്യാഭ്യാസം നേടാനുള്ള അവസരം ഇന്ത്യൻ വിദ്യാർഥികൾക്ക് ലഭിക്കുന്നത്.
ഫ്രാൻസിലേക്ക് വിദ്യാർഥികൾ വരുക എന്നതിനർഥം മികവ് തേടുക എന്നാണ്. ഇന്ത്യയ്ക്കും ഫ്രാൻസിനും ഒരുമിച്ച് ചെയ്യാൻ ഏറെയുണ്ടെന്ന് മാക്രോൺ പറഞ്ഞു. ഫ്രാൻസിൽ പഠിക്കാൻ താൽപ്പര്യമുള്ള ഇന്ത്യൻ വിദ്യാർഥികൾക്കായി 2018ൽ ‘കാമ്പസ് ഫ്രാൻസ്’ എന്ന പ്രോഗ്രാം ഫ്രാൻസ് ആരംഭിച്ചിരുന്നു. ഇതിന് ശേഷം ഫ്രാൻസിൽ പഠിക്കാൻ താൽപ്പര്യം കാണിക്കുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിൽ 20 ശതമാനം വർധനയുണ്ടായി.