ക്രോക്കസ് സിറ്റി ഹാള്‍ ആക്രമണകാരിയെന്ന് സംശയിക്കുന്ന നസ്‌രിമാദ് മോസ്‌കോ ബാസ്മാനി ജില്ലാ കോടതിയിലെ കണ്ണാടിക്കൂട്ടിനുള്ളില്‍
മോസ്‌കോ: മോസ്‌കോ കണ്‍സേര്‍ട്ട് ഹാളില്‍ 144 പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിലെ കുറ്റവാളികളുമായി സമ്പര്‍ക്കം പുലര്‍ത്തിയെന്ന് സംശയിക്കുന്ന ഒന്‍പത് പേരെ താജിക്കിസ്ഥാന്റെ സ്റ്റേറ്റ് സെക്യൂരിറ്റി സര്‍വീസ് കസ്റ്റഡിയിലെടുത്തതായി റഷ്യന്‍ സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു.
മാര്‍ച്ച് 22ന് ക്രോക്കസ് സിറ്റി ഹാളില്‍ ഭീകരാക്രമണം നടത്തിയവരുമായി സമ്പര്‍ക്കം പുലര്‍ത്തിയതിന് വഖ്ദത്ത് ജില്ലയിലെ ഒമ്പത് നിവാസികളെ കസ്റ്റഡിയിലെടുത്തു,’ താജിക്കിസ്ഥാന്റെ പ്രത്യേക സേവനങ്ങളിലെ പേര് വെളിപ്പെടുത്താത്ത ഉറവിടത്തില്‍ നിന്നുള്ള വിവരങ്ങള്‍ ഉദ്ധരിച്ച് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ആര്‍ഐഎ നൊവോസ്തി റിപ്പോര്‍ട്ട് ചെയ്തു. സംശയിക്കുന്നവരെ കസ്റ്റഡിയിലെടുത്ത ഓപ്പറേഷനില്‍ റഷ്യന്‍ സുരക്ഷാ സേനയും പങ്കെടുത്തിരുന്നു.
താജിക് തലസ്ഥാനമായ ദുഷാന്‍ബെയുടെ കിഴക്ക് ഭാഗത്താണ് വഖ്ദത്ത് സ്ഥിതി ചെയ്യുന്നത്.
കസ്റ്റഡിയിലെടുത്തവര്‍ക്ക് ഐസിസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി ആര്‍ഐഎ നോവോസ്തി പറഞ്ഞു.
ക്രോക്കസ് സിറ്റി ഹാള്‍ ആക്രമണത്തില്‍ മോസ്‌കോയിലെ ഒരു കോടതി മറ്റൊരു പ്രതിയായ ലുട്ട്ഫുല്ലൊയ് നസ്രിമാദിനെതിരെ കുറ്റം ചുമത്തുകയും മെയ് 22 വരെ കസ്റ്റഡി വിധിക്കുകയും ചെയ്തു.
താന്‍ ജനിച്ചത് താജിക്കിസ്ഥാനിലാണെന്ന് നസ്‌രിമാദ് കോടതിയില്‍ പറഞ്ഞതായി റഷ്യന്‍ സ്വതന്ത്ര വാര്‍ത്താ സൈറ്റായ മീഡിയസോണ റിപ്പോര്‍ട്ട് ചെയ്തു.
കോടതിയിലെത്തിയ ഒമ്പതാമത്തെ പ്രതിയാണ് നസ്‌രിമാദ്. 24കാരനായ നസ്‌രിമാദിനെതിരെ തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ ഗൂഢാലോചന കുറ്റം ചുമത്തിയിട്ടുണ്ടെന്നും ചില ആരോപണങ്ങളില്‍ കുറ്റം സമ്മതിച്ചതായും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു.
ആക്രമണം നടത്തിയ നാല് പേര്‍ ഉള്‍പ്പെടെ 11 പ്രതികളെ രാജ്യത്ത് അറസ്റ്റ് ചെയ്തതായി റഷ്യന്‍ ഉദ്യോഗസ്ഥര്‍ മുമ്പ് പറഞ്ഞിരുന്നു.
താജിക്ക് പൗരന്മാരെന്ന് തിരിച്ചറിഞ്ഞ നാലുപേരേയും മോസ്‌കോ കോടതിയില്‍ തീവ്രവാദ കുറ്റത്തിന് ഹാജരാക്കിയിരുന്നു. കടുത്ത മര്‍ദ്ദനങ്ങളാണ് ഇവര്‍ക്കേറ്റതെന്ന് കണ്ടെത്തിയിട്ടുണ്ട്. വാദം കേള്‍ക്കുമ്പോള്‍ ഒരാള്‍ക്ക് ബോധമില്ലെന്ന് തോന്നിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ക്രോക്കസ് സിറ്റി ഹാളിലെ ആക്രമണത്തിന് സാമ്പത്തിക സഹായം നല്‍കിയെന്ന സംശയത്തില്‍ മറ്റൊരു പ്രതിയെ കസ്റ്റഡിയിലെടുത്തതായി റഷ്യന്‍ അന്വേഷണ സമിതി അറിയിച്ചു. സംശയിക്കുന്നയാളുടെ വിവരങ്ങളോ ആരോപിക്കപ്പെടുന്ന പ്രവര്‍ത്തനങ്ങളോ ഇതുവരെ വ്യക്തമായി പുറത്തുവിട്ടിട്ടില്ല.
ഐസിസിലെ ഒരു വിഭാഗം കൂട്ടക്കൊലയുടെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. എന്നാല്‍, ആക്രമണത്തില്‍ യുക്രെയ്നും പാശ്ചാത്യ രാജ്യങ്ങള്‍ക്കും പങ്കുണ്ടെന്ന് പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ഉള്‍പ്പെടെയുള്ള റഷ്യന്‍ ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നുണ്ട്.
യുക്രേനിയന്‍ ജനതയില്‍ നിന്നോ പൗരന്മാരില്‍ നിന്നോ പണമായി ലഭിച്ച ഫണ്ടുകളും ക്രിപ്റ്റോകറന്‍സികളും തമ്മിലുള്ള ബന്ധത്തെ കുറിച്ച് റഷ്യയുടെ അന്വേഷണ സമിതിയുടെ പക്കല്‍ തെളിവുകള്‍ ഉണ്ടെന്നും അത് പൊതുജനങ്ങളുമായി പങ്കുവെച്ചിട്ടില്ലെന്നും പുറത്തുവിട്ടാണ് കുറ്റവാളികളെന്ന് സംശയിക്കുന്നവരെ തടങ്കലിലാക്കിയത്.
ആക്രമണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ യുക്രെയ്ന്‍ നിഷേധിച്ചിട്ടുണ്ട്. യുക്രെയ്നെതിരെയുള്ള ആക്രമണം ശക്തമാക്കാനുള്ള ഒരു കാരണമായി മോസ്‌കോ ആരോപണം ഉന്നയിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ അവകാശപ്പെടുന്നു.
റഷ്യന്‍ ആരോഗ്യമന്ത്രി മിഖായേല്‍ മുരാഷ്‌കോ പറയുന്നതനുസരിച്ച്, ക്രോക്കസ് സിറ്റി ഹാള്‍ ആക്രമണത്തിലെ മരണസംഖ്യ വര്‍ധിക്കുകയാണ്.