ജെറുസലേം: വിദേശ വാര്‍ത്താ ശൃംഖലകള്‍ അടച്ചുപൂട്ടാന്‍ അധികാരം നല്‍കുന്ന നിയമം അംഗീകരിച്ച് ഇസ്രായേല്‍ പാര്‍ലമെന്റ്. മുതിര്‍ന്ന മന്ത്രിമാര്‍ക്കാണ് ഇത്തരമൊരു അധികാരം നിയമത്തിലൂടെ ലഭിക്കുന്നത്.
അല്‍ ജസീറ ഉള്‍പ്പെടെ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന വിദേശ വാര്‍ത്താ മാധ്യമങ്ങളില്‍ പലതിനെതിരെയും ഉടന്‍ നടപടിയെടുക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചു.
‘അല്‍ ജസീറ ഇനി ഇസ്രായേലില്‍ നിന്ന് സംപ്രേഷണം ചെയ്യില്ല,’ നിയമം അംഗീകരിച്ചതിന് ശേഷം നെതന്യാഹു എക്‌സില്‍ ഒരു പോസ്റ്റില്‍ എഴുതി. ‘ചാനലിന്റെ പ്രവര്‍ത്തനം നിര്‍ത്തുന്നതിന് പുതിയ നിയമം അനുസരിച്ച് ഉടനടി പ്രവര്‍ത്തിക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നു.’
നെസെറ്റില്‍ 70- 10 വോട്ടുകള്‍ക്ക് പാസാക്കിയ നിയമം ഇസ്രായേലില്‍ പ്രവര്‍ത്തിക്കുന്ന വിദേശ നെറ്റ്‌വര്‍ക്കുകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവിടാനും രാജ്യത്തിന് എതിരെയാണെന്ന് കരുതുകയാണെങ്കില്‍ അവരുടെ ഉപകരണങ്ങള്‍ കണ്ടുകെട്ടാനും പ്രധാനമന്ത്രിക്കും വാര്‍ത്താവിനിമയ മന്ത്രിക്കും നിയമം അധികാരം നല്‍കുന്നു.
ഒക്ടോബറില്‍ ഗാസയില്‍ യുദ്ധം ആരംഭിച്ചതു മുതല്‍ ദേശീയ താത്പര്യങ്ങള്‍ക്ക് ഭീഷണിയാണെന്ന് കരുതുന്ന വിദേശ മാധ്യമങ്ങളെ താത്ക്കാലികമായി അടച്ചിടാന്‍ കോടതികളുടെ അനുവാദത്തോടെ ഇസ്രായേല്‍ സര്‍ക്കാര്‍ യുദ്ധകാല നിയന്ത്രണങ്ങള്‍ പാസാക്കിയിരുന്നു. എന്നാല്‍ ഖത്തറിന്റെ ഉടമസ്ഥതയിലുള്ള അല്‍ ജസീറയ്‌ക്കെതിരെ നടപടി സ്വീകരിക്കുന്നതില്‍ നിന്നും ഇസ്രായേല്‍ വിട്ടുനിന്നിരുന്നു. മാത്രമല്ല ലെബനന്‍ ഔട്ട്‌ലെറ്റായ അല്‍ മയാദിനെ തടയുമെന്ന് പറയുകയും ചെയ്തിരുന്നു. അല്‍ ജസീറയ്‌ക്കെതിരെ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്മ്യൂണിക്കേഷന്‍സ് മന്ത്രി ഷ്ലോമോ കാര്‍ഹി പറഞ്ഞിരുന്നു.
ഗാസയില്‍ നിന്നും തത്സമയം സംപ്രേഷണം ചെയ്ത ചുരുക്കം അന്താരാഷ്ട്ര മാധ്യമങ്ങളിലൊന്നാണ് അല്‍ ജസീറ.
അധിനിവേശ വെസ്റ്റ് ബാങ്കിലും ഗാസയിലും ഓഫീസുകളുള്ള അല്‍ ജസീറയ്ക്കും അതിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കുമെതിരെ ഇസ്രായേല്‍ നിരവധി തവണ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. 2022 മെയ് മാസത്തില്‍ വെസ്റ്റ് ബാങ്ക് പട്ടണമായ ജെനിനില്‍ ഇസ്രായേല്‍ സൈനിക റെയ്ഡ് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ മുതിര്‍ന്ന അല്‍ ജസീറ ജേണലിസ്റ്റ് ഷിറിന്‍ അബു അക്ലേയെ ഇസ്രായേല്‍ സൈന്യം വെടിവച്ചു കൊലപ്പെടുത്തിയിരുന്നു.
ഗാസയിലെ യുദ്ധത്തിനിടെ, ചാനലിന്റെ നിരവധി മാധ്യമ പ്രവര്‍ത്തകരും അവരുടെ കുടുംബാംഗങ്ങളും ഇസ്രായേല്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
അല്‍ ജസീറ ഗാസ ബ്യൂറോ ചീഫ് വെയ്ല്‍ ദഹ്ദൂഹിന്റെ ഭാര്യയും മകനും മകളും ചെറുമകനും മറ്റ് എട്ട് ബന്ധുക്കളും ഉള്‍പ്പെടെയുള്ള കുടുംബം ഉള്‍പ്പടെ ഇത്തരത്തില്‍ കൊല്ലപ്പെട്ടവരിലുണ്ട്.