ന്യൂഡൽഹി: ഇറാൻ പിടിച്ചെടുത്ത ചരക്കു കപ്പലിൽ 17 ഇന്ത്യക്കാരുണ്ടെന്ന് റിപ്പോർട്ട്. നയതന്ത്ര ചാനൽ മുഖേന ഇറാൻ ഭരണകൂടവുമായി മോചനത്തിന് ശ്രമിക്കുന്നതായി കേന്ദ്രസർക്കാർ അറിയിച്ചു. ഇറാന്റെ വിദേശകാര്യ മന്ത്രാലയവുമായി കേന്ദ്രസർക്കാർ പ്രതിനിധികൾ ബന്ധപ്പെട്ടു. ഇസ്രായേലി ശതകോടീശ്വരന്റെ ഉടമസ്ഥതയിലുള്ള ‘MSC Aries’ കാർഗോ ഷിപ്പിൽ ആകെ 25 ജീവനക്കാരാണുള്ളത്.
ഇന്ത്യൻ പൗരന്മാരെ എത്രയും വേഗം മോചിപ്പിക്കുന്നതിനും അവരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായും നടപടികൾ ആരംഭിച്ചതായും കേന്ദ്രസർക്കാർ അറിയിച്ചു. ഇരുരാജ്യങ്ങളിലെയും എംബസികൾ മുഖേന ഇതിനായി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ശനിയാഴ്ച ഉച്ചയോടെ ഹോർമുസ് കടലിടുക്കിൽ വച്ച് ഇറാന്റെ റെവലൂഷണറി ഗാർഡ്സ് ആയിരുന്നു കപ്പൽ പിടിച്ചെടുത്തത്. കപ്പലിൽ മലയാളികളും ഉൾപ്പെടുന്നുണ്ടെന്നാണ് സൂചന. ഇവർ പാലക്കാട്, കോഴിക്കോട് സ്വദേശികളാണെന്നാണ് വിവരം.
ദുബായിലേക്ക് പോവുകയായിരുന്ന പോർച്ചുഗീസ് പതാകയുള്ള കപ്പലിലേക്ക് ഹെലികോപ്റ്ററിൽ വന്നിറങ്ങിയ ഇറാൻ സേന ഇരച്ചുകയറുകയായിരുന്നു. ഇറാൻ സ്ഥിതിഗതികൾ വഷളാക്കുകയാണെന്നും ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്നുമാണ് ഇസ്രായേലിന്റെ പ്രതികരണം.