ശമ്പളം വർദ്ധിപ്പിക്കാനുള്ള ആവശ്യങ്ങൾ ബ്രിട്ടീഷ് സർക്കാർ നിരാകരിച്ചതിനെ തുടർന്ന് പണിമുടക്കിലേക്ക് കടന്ന് പൊതുമേഖലാ ജീവനക്കാരും അധ്യാപകരും. 2011ന് ശേഷം രാജ്യം കണ്ട ഏറ്റവും വലിയ പണിമുടക്കിനാണ് ഇന്ന് യുകെ സാക്ഷ്യം വഹിച്ചത്. പണിമുടക്ക് രാജ്യത്തെ സാരമായി ബാധിച്ചെന്ന് ബ്രിട്ടിഷ് വക്താക്കൾ വ്യക്തമാക്കി. ശക്തമായി നടക്കുന്ന പണിമുടക്ക് പൊതുജനങ്ങളുടെ ദൈനംദിന ജീവിതത്തെ പ്രതിസന്ധിയിലാക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിന്റെ വക്താവ് മാധ്യമപ്രവർത്തകരെ അറിയിച്ചു.
475000 തൊഴിലാളികളാണ് ഇന്ന് സമരരംഗത്ത് ഇറങ്ങിയത്. അതിൽ റെയിൽവേ ജീവനക്കാർ, അധ്യാപകർ, അനധ്യാപകർ, സെക്യൂരിറ്റി ഗാർഡുകൾ ഉൾപ്പെടെയുള്ളവർ രംഗത്തുണ്ട്. വിക്ടോറിയ, കാനൺ സ്ട്രീറ്റ്, മാരിൽബോൺ, ലണ്ടൻ ബ്രിഡ്ജ് എന്നിവയുൾപ്പെടെ ലണ്ടനിലെ പ്രധാന ട്രെയിൻ സ്റ്റേഷനുകൾ പൂർണ്ണമായും അടച്ചിട്ടു. സമരരംഗത്തുള്ള അധ്യാപക സംഘടനായായ നാഷണൽ എജ്യുക്കേഷൻ യൂണിയന്റെ കണക്കനുസരിച്ച് ഇംഗ്ലണ്ടിലും വെയ്ൽസിലുമായി 85 % സ്കൂളുകൾ പൂർണമായോ ഭാഗികമായോ അടച്ചിട്ടിരിക്കുകയാണ്.
കുറച്ച മാസങ്ങളായി ബ്രിട്ടണിൽ ശമ്പള വർദ്ധനവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള സമരങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായാണ് ഇന്നത്തെ സമരവും. ഇതിന് തുടർച്ചയായി വരും ദിവസങ്ങളിൽ നഴ്‌സുമാർ, ആംബുലൻസ് ജീവനക്കാർ, ഫിസിയോതെറാപ്പിസ്റ്റുകൾ, റെയിൽവേ തൊഴിലാളികൾ, യൂണിവേഴ്‌സിറ്റി സ്റ്റാഫുകൾ എന്നിവർ പണിമുടക്കുമായി രംഗത്ത് വരും.
പണിമുടക്കുന്നതിനുള്ള ജനങ്ങളുടെ അവകാശത്തെ തടയുന്നത് നിർത്തണമെന്നും പൊതുമേഖലാ സ്ഥാപനങ്ങളിലെ ശമ്പളത്തെ കുറിച്ച് അതാത് യൂണിയനുകളുമായി ചർച്ചകൾ ആരംഭിക്കണമെന്നും ട്രേഡ്സ് യൂണിയൻ കോൺഗ്രസ് ജനറൽ സെക്രട്ടറി പോൾ നൊവാക് പറഞ്ഞു. എന്നാൽ, ഇതേവരെ നിരവധി പണിമുടക്കുകൾ നടത്തിയിട്ടും വേതനം മെച്ചപ്പെടുത്താനായി സർക്കാരിന്റെ ഭാഗത നിന്ന് നീക്കങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല.