ഗസ്സ സിറ്റി: ഇസ്രായേൽ-ഫലസ്തീൻ സംഘർഷം മുന്നാംദിവസത്തേക്ക് കടക്കവെ, ഗസ്സക്കു മേൽ സമ്പൂർണ ഉപരോധം പ്രഖ്യാപിച്ച് ഇസ്രായേൽ പ്രതിരോധമന്ത്രി യോവ് ഗാലന്റ്. ഹമാസിന്റെ ചെറുത്ത് നിൽപ് തടയുന്നതിന്റെ ഭാഗമായാണിത്. ”സമ്പൂർണ ഉപരോധത്തിനാണ് ഉത്തരവിട്ടത്. വൈദ്യുതിയും വെള്ളവും ഭക്ഷണവും ഇന്ധനവുമില്ലാതെ ഗസ്സ പൂർണമായും ഒറ്റപ്പെടണം. എല്ലായിടവും അടച്ചുപൂട്ടിയിരിക്കുകയാണ്.”-എന്നാണ് ഇസ്രായേൽ പ്രതിരോധമന്ത്രി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചത്.
ശനിയാഴ്ചയായിരുന്നു ഇസ്രോയലിലേക്ക് 5000 റോക്കറ്റുകൾ തൊടുത്ത് ഹമാസിന്റെ മിന്നലാക്രമണം. സമ്പൂർണ ഉപരോധം ഗസ്സയെ ആകെ ഉലക്കും. അവശ്യസാധനങ്ങൾ പോലും കിട്ടാതെ വരും. ഇന്ധന ലഭ്യത ഇല്ലാതാകുന്നതോടെ വലിയ പ്രതിസന്ധിയാണ് വരികയെന്ന് ഗസ്സയിലെ അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഗസ്സയിലേക്കുള്ള വൈദ്യുതി വിതരണവും ഇസ്രായേൽ നിർത്തിയിരുന്നു.
അവശ്യ പവർ സ്റ്റേഷൻ പ്രവർത്തിപ്പിക്കാനുള്ള ഇന്ധനം മാത്രമേ ശേഷിക്കുന്നുള്ളു. നിലവിലെ സാഹചര്യം രൂക്ഷമാവുകയാണെങ്കിൽ ഈ പവർ സ്റ്റേഷൻ അടച്ചുപൂട്ടേണ്ടി വരും. വലിയൊരു മാനുഷിക ദുരന്തമാകും ഫലം. ഇസ്രായേലിന്റെ ബോംബാക്രമണത്തോടെ മൂന്നുദിവസം കൊണ്ട് 123,538 ഫലസ്തീനികളാണ് ഗസ്സയിൽ നിന്ന് ഒഴിഞ്ഞുപോകേണ്ടിവന്നത്. ഇതിൽ കൂടുതൽ ആളുകളും കിടപ്പാടം നഷ്ടപ്പെട്ടതുകൊണ്ടാണ് ഗസ്സയിൽ നിന്ന് കുടിയൊഴിയേണ്ടി വന്നത്.