ഗസ്സ: ഇസ്രായേൽ ഉപരോധത്തെ തുടർന്ന് ഗസ്സയിലെ ഏക വൈദ്യുതിനിലയവും പ്രവർത്തനം നിർത്തി. ഇന്ധനക്ഷാമം രൂക്ഷമായതോടെയാണ് വൈദ്യുതിനിലയത്തിന്റെ പ്രവർത്തനം നിർത്തിവെച്ചത്. ഹമാസിന്റെ ആക്രമണത്തിന് പിന്നാലെ ഗസ്സക്ക് മേൽ ഇസ്രായേൽ കടുത്ത ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഭക്ഷണവും വെള്ളവും പോലും നൽകാതെയായിരുന്നു ഇസ്രായേലിന്റെ ഉപരോധം.
ഗസ്സക്കുള്ള ഇന്ധനവിതരണവും ഇസ്രായേൽ നിർത്തിയിരുന്നു. ഇതോടെയാണ് ഗസ്സയിലെ ഏക വൈദ്യുതി നിലയത്തിന്റെ പ്രവർത്തനം നിർത്താൻ അധികൃതർ നിർബന്ധിതരായത്. തിങ്കളാഴ്ചയാണ് ഗസ്സക്ക് മേൽ സമ്പൂർണ്ണ ഉപരോധം ഏർപ്പെടുത്തുമെന്ന് ഇസ്രായേൽ അറിയിച്ചത്. ഗസ്സയുടെ തീരപ്രദേശങ്ങളെ ലക്ഷ്യമിട്ടുള്ള ഇസ്രായേലിന്റെ വ്യോമാക്രമണം തുടരുകയാണ്.
അതേസമയം, യു.കെ വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലെവർലി ഇസ്രായേലിലെത്തി. രാജ്യത്തിനുള്ള പിന്തുണ അറിയിക്കുന്നതിനാണ് അദ്ദേഹത്തിന്റെ സന്ദർശനം. യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൺ വ്യാഴാഴ്ച ഇസ്രായേലിലേക്ക് എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ആരോഗ്യപ്രവർത്തകരുടെ എണ്ണം നാലായെന്ന് റെഡ് ക്രസന്റ് അറിയിച്ചു. നേരത്തെ മൂന്ന് പേർ മരിച്ചുവെന്നാണ് റെഡ് ക്രസന്റ് അറിയിച്ചിരുന്നത്.