റിയാദ്: ഹമാസ്-ഇസ്രയേൽ യുദ്ധത്തെ തുടർന്ന് ഇസ്ലാമിക് രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപ്പറേഷൻ (ഒഐസി) യുടെ അടിയന്തര യോഗം വിളിച്ച് സൗദി അറേബ്യ. ബുധനാഴ്ച ജിദ്ദയിൽ വെച്ച് സൗദി അറേബ്യയുടെ നേതൃത്വത്തിൽ യോഗം നടക്കും.
‘സൗദി അറേബ്യയുടെ ക്ഷണപ്രകാരം, ഗാസയിലും പരിസരങ്ങളിലും വഷളായിക്കൊണ്ടിരിക്കുന്ന സൈനിക സാഹചര്യങ്ങളും അപകടകരമായ അവസ്ഥകളും പരിഹരിക്കുന്നതിനായി മന്ത്രിതലത്തിൽ ഓർഗനൈസേഷന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അടിയന്തര യോഗം വിളിക്കുന്നു. സാധാരണക്കാരുടെ ജീവിതവും മേഖലയുടെ മൊത്തത്തിലുള്ള സുരക്ഷയും സ്ഥിരതയും യോഗത്തിൽ ചർച്ച ചെയ്യും,’ ഒഐസിയുടെ പ്രസ്താവനയിൽ പറഞ്ഞു.
ഇസ്രയേലുമായുളള ബന്ധം സാധാരണ നിലയിലേക്ക് എത്തിക്കുന്നതിനുളള ചർച്ചകൾ നടക്കവെയാണ് സൗദി അറേബ്യ അടിയന്തര യോഗം വിളിച്ചത്. ഇസ്രയേലുമായി ബന്ധം സ്ഥാപിക്കുന്നതിനുളള ചർച്ച താത്കാലികമായി സൗദി നിർത്തിവച്ചതായും ഇക്കാര്യം അമേരിക്കയെ അറിയിച്ചതായും എഎഫ്പി റിപ്പോർട്ട് ചെയ്തു.
ഐക്യരാഷ്ട്ര സഭ കഴിഞ്ഞാൽ രണ്ടാമത്തെ വലിയ സംഘടനയാണ് ഒഐസി. 57 രാജ്യങ്ങളാണ് ഒഐസിയിലുളളത്. ‘മുസ്ലീം ലോകത്തിന്റെ കൂട്ടായ ശബ്ദം’ എന്ന് അത് സ്വയം വിളിക്കുന്നു. അമേരിക്കയുടെ സ്വാധീനത്തോടെ അബ്രഹാം സന്ധിയിൽ അറബ് രാജ്യങ്ങളായ യുഎഇയും ബഹ്റൈനും മൊറോക്കോയും ഒപ്പുവെച്ചിരുന്നു. എന്നാൽ മറ്റ് ഗൾഫ് രാജ്യങ്ങൾ ഒപ്പുവച്ചിരുന്നില്ല. അടുത്തിടെ അബ്രഹാം സന്ധിയിൽ ഒപ്പുവെക്കാൻ വേണ്ടി സൗദി അറേബ്യയെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പ്രേരിപ്പിച്ചതായും റിപ്പോർട്ടുണ്ടായിരുന്നു.
നേരത്തെ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയും ഇസ്രയേൽ-ഹമാസ് വിഷയം ചർച്ച ചെയ്തിരുന്നു. ഫോണിലൂടെയായിരുന്നു ഇരുവരും ബന്ധപ്പെട്ടത്. സംഘർഷം നിർത്തലാക്കാൻ അന്താരാഷ്ട്ര, പ്രാദേശിക പാർട്ടികളുമായി ആശയവിനിമയം നടത്തുന്നതിനുളള എല്ലാ ശ്രമങ്ങളും തങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകുന്നുണ്ടെന്ന് സൗദി കിരീടാവകാശി അറിയിച്ചിരുന്നു. സാധാരണക്കാരായ ജനങ്ങളെ ലക്ഷ്യം വെക്കുന്നതിനേയും സൗദി കിരീടാവകാശി എതിർത്തതായി സൗദി ന്യൂസ് ഏജൻസിയായ എസ്പിഎ റിപ്പോർട്ട് ചെയ്തിരുന്നു.