ദില്ലി: ഗാസക്കെതിരെ ത്രിതല ആക്രമണം പ്രഖ്യാപിച്ച് ഇസ്രയേൽ. കരയിലൂടെയും കടലിലൂടെയും വ്യോമ മാർഗവും ഗാസയെ ആക്രമിക്കുമെന്നാണ് ഇസ്രയേൽ അറിയിച്ചിരിക്കുന്നത്. ആക്രമണം നടത്തുമെന്നും വടക്കൻ ഗാസയിലെ ജനങ്ങൾ ഒഴിയണമെന്ന് ആവർത്തിച്ചു മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഇസ്രയേലിപ്പോൾ. ആയിരക്കണക്കിന് ഇസ്രയേൽ സൈന്യം ഗാസ അതിർത്ഥിയിൽ കഴിഞ്ഞ നാലു ദിവസമായി തമ്പടിച്ചിരിക്കുകയാണ്.
സൈനിക നടപടി പൂർത്തിയാകുമ്പോൾ ഗാസയുടെ വിസ്തൃതി കുറയും. ഇസ്രയേലിൻ്റെ സുരക്ഷയ്ക്കായി ഗാസ അതിർത്തിയിൽ സംരക്ഷിത മേഖല തീർക്കും. അവിടെ പ്രവേശന വിലക്ക് ഏർപ്പെടുത്തും. ഇസ്രയേൽ മന്ത്രി ഗിഡിയോൺ സാർ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, ഗാസ അതിർത്തിയിലെ ഇസ്രയേൽ സൈനികരെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സന്ദർശിച്ചു. കര വഴിയുള്ള സൈനിക നടപടി ഉടനെന്ന സൂചന നൽകി നെതന്യാഹു സൈനികരോട് സംസാരിക്കുകയും ചെയ്തു. അടുത്ത ഘട്ടം ഉടൻ എന്നാണ് സൈനികരോട് നെതന്യാഹു പറഞ്ഞത്. സൈനികർ തയ്യാറാണോയെന്ന് ചോദിച്ചശേഷമാണ് അടുത്ത ഘട്ടം ഉടൻ എന്ന രീതിയിൽ നെതന്യാഹു മറുപടി നൽകിയത്. ഗാസ അതിർത്തിയിലെ ഇസ്രയേൽ സൈനികർക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളും ബെഞ്ചമിൻ നെതന്യാഹു എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ചു. ഞങ്ങൾ എല്ലാവരും സജ്ജം എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചത്.
കരയിലൂടെ വടക്കൻ ഗാസയിലേക്ക് യുദ്ധം ആരംഭിക്കാനുള്ള നീക്കത്തിന് മുന്നോടിയായാണ് നെതന്യാഹുവിൻറെ സന്ദർശനമെന്നാണ് റിപ്പോർട്ട്. ഹമാസ് നേതാക്കളെ ഇല്ലാതാക്കുമെന്നും ഗാസ തുടച്ചുനീക്കുമെന്നും കഴിഞ്ഞ ദിവസം ഇസ്രയേൽ മുന്നറിയിപ്പ് നൽകിയിരുന്നു. യുദ്ധം അവസാനിപ്പിക്കാനുള്ള ആവശ്യം ഒരുഭാഗത്ത് ശക്തമാകുമ്പോഴാണ് കൂടുതൽ സൈനിക നടപടികളിലേക്ക് ഇസ്രയേൽ കടക്കുന്നത്. ഇതിനിടെ, ഗാസയിൽ ഇതുവരെ 28 ആരോഗ്യ പ്രവർത്തകർ കൊല്ലപ്പെട്ടെന്ന് പലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
പലസ്തീനിലെ ഇസ്രയേലിൻറെ സൈനിക നടപടി ശക്തമായ വിയോജിപ്പുമായി സൗദിയും നേരത്തെ രംഗത്തെത്തിയിരുന്നു. പലസ്തീൻ പൗരന്മാരോട് നിർബന്ധമായി ഒഴിഞ്ഞു പോകാൻ ആവശ്യപ്പെട്ട ഇസ്രയേൽ നടപടി സൗദി തള്ളി. ഗസയ്ക്ക് മേൽ ഉപരോധം അവസാനിപ്പിക്കണം എന്നും സൗദി ആവശ്യപ്പെട്ടു. സൗദിയിൽ എത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ളിങ്കനുമായി നടത്തിയ ചർച്ചയിൽ സൗദി വിദേശകാര്യ മന്ത്രി ഗാസയിൽ വെടി നിർത്തൽ നടപ്പാക്കുന്നത് ഉന്നയിച്ചു.
മാനുഷിക ദുരന്തം ഒഴിവാക്കാൻ മുൻഗണന നൽകണം എന്നാണ് സൗദി നിലപാട്. സംഘർഷം ഒഴിവാക്കാൻ അന്താരാഷ്ട്ര ഇടപെടൽ വേണം എന്ന് യു. എൻ സെക്യൂരിറ്റി കൗൺസിലിന് മുന്നിലും സൗദി നിലപാട് വ്യക്തമാക്കി.അതേസമയം, ഇസ്രയേൽ-പലസ്തിൻ യുദ്ധത്തിന്റെ പശ്ചാതലത്തിൽ ഇസ്ലാമിക് ഓർഗാനൈസേഷൻ അടിയന്തിര യോഗം വിളിച്ചിട്ടുണ്ട്. ബുധനാഴ്ച ജിദ്ദയിലാണ് ഓർഗനൈസേഷനിലെ മന്ത്രിമാരുടെ യോഗം ചേരുക. ഇസ്ലാമിക് ഓർഗനൈസഷൻ അധ്യക്ഷ പദവി വഹിക്കുന്ന സൗദി അറേബ്യ ആണ് അടിയന്തിര യോഗം വിളിച്ചത്.