Saturday, December 21, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകരയുദ്ധത്തിനൊരുങ്ങി ഇസ്രായേൽ; 50 ബന്ദികൾ കൊല്ലപ്പെട്ടെന്ന് ഹമാസ്

കരയുദ്ധത്തിനൊരുങ്ങി ഇസ്രായേൽ; 50 ബന്ദികൾ കൊല്ലപ്പെട്ടെന്ന് ഹമാസ്

ദുബൈ: പോരാട്ടം കനക്കുന്ന ഗസ്സയിലെ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാവുന്നു. കരയുദ്ധത്തിന് ഇസ്രായേൽ തയാറെടുക്കവെ ഹമാസ് ബന്ദികളാക്കിയ അമ്പത് പേർ ഇസ്രായേലിന്റെ തന്നെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടുവെന്ന് സൈനിക വിഭാഗമായ അൽഖസം ബ്രിഗേഡ് വെളിപ്പെടുത്തി. അടിയന്തര വെടിനിർത്തൽ ആവശ്യപ്പെട്ട് ആറ് ഗൾഫ് രാജ്യങ്ങളടക്കം ഒമ്പത് അറബ് രാജ്യങ്ങൾ സംയുക്തമായി രംഗത്ത് വന്നു. അതിനിടെ, ഗസ്സയിലെ മരണസംഖ്യ 7000 കടന്നു. മരിച്ച മുഴുവൻ പേരുടെയും വിവരങ്ങൾ ആരോഗ്യമന്ത്രാലയം ഇന്ന് പുറത്തുവിട്ടു.

ഗസ്സയിലെ മരണസംഖ്യയിൽ സംശയം പ്രകടിപ്പിച്ച യു.എസ് പ്രസിഡന്റ് ജോ ബൈഡറനുള്ള മറുപടിയെന്നോണമാണ് ഗസ്സ ആരോഗ്യമന്ത്രാലയം കൊല്ലപ്പെട്ടവരുടെ മുഴുവൻ പേര് വിവരങ്ങൾ പ്രസിദ്ധീകരിച്ചത്. 212 പേജുള്ള റിപ്പോർട്ടിൽ സംഘർഷം തുടങ്ങി ഇന്നലെ വരെ മരിച്ച 6,747 പേരുടെ വിവരങ്ങളുണ്ട്. പേരും വയസും ഐഡി നമ്പറുമടക്കം. ഇനിയും തിരിച്ചറിയാത്ത 248 കുട്ടികൾ ഉൾപ്പെടെ 281 പേരുടെ പട്ടിക വേറയുമുണ്ട്. മൊത്തം മരണസംഖ്യ 7,028 ഇതിൽ കുട്ടികൾ 2913.

കരയുദ്ധത്തിനെന്ന് സൂചന നൽകുന്ന വിധം ഇസ്രായേൽ ടാങ്കുകൾ ഗസ്സയിലേക്ക് നീങ്ങുന്ന ദൃശ്യങ്ങൾ ഇസ്രായേൽ സേന പുറത്തുവിട്ടു. അമേരിക്കയുടെ പൂർണ പിന്തുണയോടെയാണ് കരയുദ്ധത്തിനുള്ള ഒരുക്കം. 900 സൈനികരെ പെന്റഗണും മേഖലയിലേക്ക് നിയോഗിച്ചിട്ടുണ്ട്. രണ്ട് വ്യോമ പ്രതിരോധ സംവിധാനങ്ങളും പശ്ചിമേഷ്യയിലെത്തിക്കും. ഈ പടയൊരുക്കത്തിനിടെയാണ്, ഇസ്രായേൽ വ്യോമാക്രമണത്തിൽ തങ്ങൾ ബന്ദികളാക്കിയ 50 പേർ കൊല്ലപ്പെട്ടുവെന്ന ഹമാസ് സൈനിക വിഭാഗത്തിന്റെ വെളിപ്പെടുത്തൽ പുറത്തുവന്നത്. അൽഖസം ബ്രിഗേഡ് വാക്താവ് അബൂ ഉബൈദ ടെലിഗ്രാമിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ, കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹം തയാറായില്ല.

അതിനിടെ, പണം നൽകി ബന്ദികളെ മോചിപ്പിക്കാൻ സന്നദ്ധമാണെന്ന് ഇസ്രായേൽ ഇടനിലക്കാരെ അറിയിച്ചുവെന്ന് ഇസ്രായേൽ ബ്രോഡ്കാസ്റ്റിങ് കോർപറേഷൻ റിപ്പോർട്ട് ചെയ്തു. 222 ബന്ദികളാണ് ഹമാസിന്റെ കസ്റ്റഡിയിലുള്ളത്. ഇവരെ തിരിച്ചെത്തിക്കാൻ കഴിയാത്തതിൽ ഇസ്രായേലിൽ തന്നെ പ്രതിഷേധം പുകയുന്നുണ്ട്. ബന്ദികളുടെ മോചനത്തിന് സാധ്യമാതെല്ലാം ചെയ്യുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി പറഞ്ഞു. കെയ്‌റോ സമാധാന ഉച്ചകോടിക്ക് പിന്നാലെയാണ് ആറ് ഗൾഫ് രാജ്യങ്ങളടക്കം ഒമ്പത് അറബ് രാജ്യങ്ങൾ വെടിനിർത്തൽ ആവശ്യപ്പെട്ട് സംയുക്ത പ്രസ്താവന നടത്തിയത്. അതിനിടെ, റഷ്യയും ഹമാസ് നേതാക്കളും മോസ്‌കോയിൽ കൂടിക്കാഴ്ച നടത്തിയത് ഇസ്രായേലിനെ പ്രകോപിപ്പിച്ചു. ബന്ദികളായി കഴിയുന്ന റഷ്യക്കാരുടെ മോചനത്തിനായാണ് ചർച്ചയെന്നാണ് അധികൃതരുടെ വിശദീകരണം. സംഘർഷം മൂർഛിക്കുമ്പോൾ ഗസ്സക്കാർക്ക് സഹായവുമായി 12 വാഹനങ്ങൾ റഫ അതിർത്തി കടന്നെത്തിയെന്നതാണ് ആശ്വാസം നൽകുന്ന വാർത്ത. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments