ദോഹ/ഗാസ: ഹമാസ് തടവിലാക്കിയ ഇരുനൂറ്റിനാല്പതോളം ഇസ്രായേലി ബന്ദികളിൽ 13 സ്ത്രീകളെയും കുട്ടികളെയും വെള്ളിയാഴ്ച്ച വൈകിട്ട് 4 മണിയോടെ മോചിപ്പിക്കും.
രാവിലെ 7 മണി മുതൽ ആരംഭിക്കുന്ന വെടിനിർത്തലിൻറെ തുടർച്ചയായി വൈകിട്ട് 4 മണിയോടെ ആരംഭിക്കുന്ന ബന്ദികളുടെ മോചനം തുടക്കത്തിൽ വളരെ സങ്കീര്ണമാകുമെന്നാണ് സൂചനകൾ. തുടക്കത്തിൽ സ്ത്രീകളും കുട്ടികളും അടങ്ങുന്ന 13 പേരുടെ സംഘത്തെയാണ് ഹമാസ് മോചിപ്പിക്കുകയെന്ന് ബന്ദികളുടെ മോചനത്തിനുള്ള ചർച്ചകൾക്ക് നേതൃത്വം നൽകിയ ഖത്തർ വിദേശമന്ത്രാലയം അറിയിച്ചു.
ബന്ദികളുടെ കൈമാറ്റവും ഇസ്രായേൽ തടവിലാക്കിയിട്ടുള്ള പാലസ്തീൻ പോരാളികളുടെ മോചനവും വ്യാഴാഴ്ച്ച ആരംഭിക്കുമെന്നാണ് നേരത്തെ കരുതിയിരുന്നത്. എന്നാൽ, ഹമാസ് തങ്ങൾ മോചിപ്പിക്കാൻ ഉദ്ദേശിക്കുന്ന ബന്ദികളുടെ പൂർണവിവരങ്ങൾ കൈമാറ്റം ചെയ്യാൻ കാലതാമസം വരുത്തിയതോടെ പ്രക്രിയ ആകെ തന്നെ താറുമാറുകയായിരുന്നു.
ഇസ്രായേൽ തങ്ങൾ വിട്ടയക്കാനുദ്ദേശിക്കുന്ന തടവുകാരുടെ വിവരങ്ങൾ കൈമാറിയാൽ മാത്രമേ തങ്ങൾ കൈമാറാനുദ്ദേശിക്കുന്ന ബന്ദികളുടെ ലിസ്റ്റ് കൈമാറൂ എന്ന നിലപാടാണ് ഹമാസ് സ്വീകരിച്ചത്. ഇസ്രായേൽ തങ്ങൾക്ക് ഈ ആവശ്യം സ്വീകാര്യമല്ല എന്നറിയിച്ചതോടെ ഹമാസ് തങ്ങൾ കൈമാറാൻ ഉദ്ദേശിക്കുന്ന ബന്ദികളുടെ വിവരണങ്ങൾ നൽകാൻ വിസമ്മതിക്കുകയായിരുന്നു.
ഹമാസ് കൈമാറുന്ന കുട്ടികളെ എങ്ങനെയാണ് സ്വീകരിക്കേണ്ടത് എന്നത് സംബന്ധിച്ച് വിശദമായ മാർഗനിർദ്ദേശം ഇസ്രായേൽ പുറപ്പെടുവിച്ചിട്ടുണ്ട്. ഇസ്രായേൽ മോചിപ്പിക്കുന്ന പാലസ്തീനിയൻ തടവുകാരെ റെഡ് ക്രോസ് ആവും സ്വീകരിക്കുക. ഇസ്രായേൽ സർക്കാർ ഹമാസിന്റെ പിടിയിലുള്ളവരുടെ ബന്ധുക്കളോട് തങ്ങളുടെ ഉറ്റവരുടെ പേര് ഹമാസ് കൈമാറുന്ന ലിസ്റ്റിൽ കാണുന്നത് വരെ ക്ഷമാപൂർവം കാത്തിരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ബന്ദി മോചനം വെള്ളിയാഴ്ച്ച നടക്കുമെന്ന പ്രതീക്ഷയിലാണ് താനെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. തങ്ങളും അതേ പ്രതീക്ഷയിലാണെന്ന് വൈറ്റ് ഹൗസും അറിയിച്ചു.
വെടിനിർത്തൽ ചർച്ചകൾ നടക്കുമ്പോഴും ഇസ്രായേൽ ഹമാസ് കേന്ദ്രങ്ങൾക്കെതിരെയുള്ള തങ്ങളുടെ ആക്രമണം തുടരുകയാണ്. വ്യാഴാഴ്ച്ച മധ്യ ഗാസയിലുള്ള ന്യൂസെയ്‌റത്ത് അഭയാർത്ഥി ക്യാമ്പിലേക്കും തെക്കൻ പ്രദേശത്തുള്ള അൽ ക്വരാരാ നഗരത്തിലേക്കും ഇസ്രായേലി സേന ബോംബുകൾ വർഷിച്ചു.
കഴിഞ്ഞ 24 മണിക്കൂറിൽ തങ്ങൾ ഗാസയിലെ മുന്നൂറോളം ലക്ഷ്യങ്ങളിലേക്ക് ബോംബ് വർഷിച്ചുവെന്ന് ഇസ്രായേലി സേന അറിയിച്ചു. ഇസ്രായേലിൻറെ വടക്കൻ ഭാഗങ്ങളിലുള്ള നഗരങ്ങളിലേക്ക് ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ള വിഭാഗം 35 റോക്കറ്റുകൾ തൊടുത്ത് വിട്ടെന്ന് ഇസ്രായേൽ സേന ആരോപിച്ചു. ഇസ്രായേൽ-ഹമാസ് സംഘർഷം ആരംഭിച്ച ശേഷം ലബനീസ് അതിർത്തിക്കുള്ളിൽ നിന്ന് ഇത്ര തീഷ്ണമായ ആക്രമണം ഹിസ്ബുള്ള അഴിച്ചുവിടുന്നത് ഇതാദ്യമാണ്