വാഷിംഗ്ടണ്‍ ഡിസി: 1300 സംഘങ്ങളിലായി, 28600ന് മുകളിൽ യുവജനങ്ങൾ അമേരിക്കയിൽ നിന്ന് ലോക യുവജന സംഗമത്തിൽ പങ്കെടുക്കാനായി പോർച്ചുഗലിന്റെ തലസ്ഥാനമായ ലിസ്ബണിലേക്ക് യാത്ര തിരിക്കും. യുവജന സംഗമത്തിൽ പങ്കെടുക്കാൻ ഏറ്റവും കൂടുതൽ യുവജനങ്ങളെ അയക്കുന്ന അഞ്ച് രാജ്യങ്ങളുടെ പട്ടികയിൽ അമേരിക്കയും ഉള്‍പ്പെടുന്നു. ഓഗസ്റ്റ് ഒന്നു മുതൽ 6 വരെ നടക്കുന്ന സംഗമത്തിൽ പങ്കെടുക്കാനിരിക്കുന്ന ഭൂരിപക്ഷം യുവജനങ്ങളുടെയും വയസ്സ് 18നും 25നും മധ്യേയാണ്. യുവജന സംഗമത്തെ വളരെ ആകാംക്ഷയോടെയാണ് തങ്ങളുടെ രാജ്യം കാണുന്നതെന്നും അൽമായർക്കും, വിവാഹങ്ങൾക്കും, കുടുംബ ജീവിതത്തിനും, യുവജനങ്ങൾക്കും വേണ്ടിയുള്ള അമേരിക്കൻ മെത്രാൻ സമിതിയുടെ കമ്മിറ്റി അധ്യക്ഷൻ വിനോന- റോച്ചസ്റ്റർ ബിഷപ്പ് റോബർട്ട് ബാരൺ പറഞ്ഞു. യേശുക്രിസ്തുവിനെ കണ്ടുമുട്ടാൻ വേണ്ടിയുള്ള ഒരു അസുലഭ നിമിഷമാണ് യുവജനങ്ങൾക്ക് ഇതിലൂടെ ലഭിക്കുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടാതെ ഈ ദിവസങ്ങളിൽ പരിശുദ്ധ പിതാവിനും, സഭാ നേതൃത്വത്തിനും യുവജനങ്ങളെ ശ്രവിച്ച്, അവർക്ക് സുവിശേഷത്തിൽ പ്രബോധനം നൽകി, അവരുടെ ലോകത്തിലെ ദൗത്യത്തിനു വേണ്ടിയും, വിളിക്കു വേണ്ടിയും അയക്കാൻ വേണ്ടിയുള്ള അവസരം ലഭിക്കുകയാണ് എന്നും ബിഷപ്പ് ബാരൺ പറഞ്ഞു. പ്രാർത്ഥനയിലും, വിശുദ്ധ കുർബാനയിലും, വേദപഠനത്തിലും, സംവാദത്തിലും പങ്കെടുക്കാനും, ലോകത്തിലെ വിവിധരാജ്യങ്ങളിൽ നിന്ന് വരുന്ന യുവജനങ്ങളുമായി കണ്ടുമുട്ടാനും അമേരിക്കയിലെ യുവജനങ്ങൾക്ക് അവസരം ലഭിക്കും. വിവിധ ഇടവകകളിലും, ഹോട്ടലുകളിലും, വീടുകളിലും, സ്കൂൾ കോളേജ് ക്യാമ്പസുകളിലും അടക്കമാണ് ഇവർക്ക് താമസ സൗകര്യം ക്രമീകരിച്ചിരിക്കുന്നത്. അമേരിക്കയിൽ നിന്ന് എത്തുന്ന തീർത്ഥാടകർക്ക് വേണ്ടി ഓഗസ്റ്റ് രണ്ടാം തീയതി ഒരു പ്രത്യേക സമ്മേളനവും മെത്രാൻ സമിതി പദ്ധതിയിടുന്നുണ്ട്. ദിവസവും നടക്കുന്ന റൈസ് അപ്പ് എന്ന പേരിലുള്ള കാറ്റിക്കിസം സെക്ഷനിൽ 35 അമേരിക്കൻ മെത്രാൻമാരുടെ ക്ലാസുകൾ നടക്കും.
ഓഗസ്റ്റ് മൂന്നാം തീയതി ആയിരിക്കും ലോക യുവജന സംഗമത്തിന് എത്തുന്നവർക്ക് വേണ്ടി ഒരുക്കിയിരിക്കുന്ന സ്വാഗത പരിപാടിയിൽ ഫ്രാൻസിസ് മാർപാപ്പ ഔദ്യോഗികമായി തീർത്ഥാടകർക്ക് ഒപ്പം ചേരുക. ഓഗസ്റ്റ് നാലാം തീയതി നടക്കുന്ന കുരിശിന്റെ വഴി പ്രാർത്ഥനയ്ക്കും, ലോക യുവജന സംഗമത്തിന്റെ സമാപന വിശുദ്ധ കുർബാനയ്ക്കും പാപ്പ നേതൃത്വം നൽകും. സമാപന വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ 10 ലക്ഷത്തിന് മുകളിൽ ആളുകൾ എത്തുമെന്ന് കരുതപ്പെടുന്നു. യുവജനങ്ങൾക്ക് ക്രിസ്താനുഭവം ഉണ്ടാകാൻ വേണ്ടി 1986 ലാണ് വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ ആശിർവാദത്തോടെ ഔദ്യോഗികമായി ലോക യുവജന സംഗമത്തിന് തുടക്കമാവുന്നത്. രണ്ടു മുതൽ നാലു വർഷങ്ങൾ കൂടുമ്പോഴാണ് ലോകത്തിലെ ഏതെങ്കിലും രാജ്യത്ത് അന്താരാഷ്ട്ര യുവജന സംഗമം സംഘടിപ്പിക്കപ്പെടുന്നത്.