കോട്ടയം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് കോട്ടയം ജില്ലാ സമ്മേളനം പാതിവഴിയില്‍ നിര്‍ത്തി. മൂന്നുദിവസമായി ജില്ലാ സമ്മേളനം നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. ശശി തരൂരിനെ പങ്കെടുപ്പിച്ച് ഈരാറ്റുപേട്ടയിൽ യൂത്ത് കോൺഗ്രസ് ജില്ലാ നേതൃത്വം സമ്മേളനം നടത്തിയത് മുതലുള്ള തര്‍ക്കങ്ങളാണ് പരസ്യ ഏറ്റുമുട്ടലിലേക്ക് നയിച്ചത്.
ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിനെ അനുകൂലിക്കുന്ന വിഭാഗവും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യനെ അനുകൂലിക്കുന്ന വിഭാഗവുമായിട്ടായിരുന്നു ഏറ്റുമുട്ടൽ.
ആന്റോ ആന്റണി എംപി പ്രസംഗിക്കുന്നതിനിടെ നാട്ടകം സുരേഷ് വേദിയിലേക്കു കയറിവന്നു. നാട്ടകം സുരേഷിന് അനുകൂലമായി ഒരു വിഭാഗം മുദ്രാവാക്യം വിളിച്ചു. തുടർന്ന് എംപി പ്രസംഗം തുടരുമ്പോഴും മുദ്രാവാക്യം വിളി ഉയർന്നുകൊണ്ടിരുന്നു. ഇതോടെ മറുവിഭാഗവുമായി വാക്കുതർക്കമുണ്ടാകുകയും സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു. സംസ്ഥാന നേതൃത്വം വിവരം അറിഞ്ഞതോടെ ഇന്നലെ രാവിലെയോടെ സമ്മേളനം നിർത്തിവയ്ക്കാൻ ജില്ലാ നേതൃത്വത്തിനു നിർദേശം നൽകി. പരിപാടിയിലെത്തിയ പ്രതിനിധികള്‍ക്കായി തയ്യാറാക്കിയ ഭക്ഷണം ജില്ലാ നേതൃത്വം അനാഥാലയങ്ങളില്‍ എത്തിച്ച് വിതരണം ചെയ്തു. ഭക്ഷണക്രമീകരണം നടത്തിയ കേറ്ററിങ് ഏജൻസിക്കു നഷ്ടമുണ്ടാകരുതെന്നും ഭക്ഷണം പാഴായിപ്പോകരുതെന്നും കരുതിയാണ് ഇങ്ങനെ ചെയ്തതെന്നും നേതാക്കള്‍ വ്യക്തമാക്കി.