തിരുവനന്തപുരം: വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ വീണ്ടും ചോദ്യം ചെയ്യാൻ പൊലീസ് ആലോചിക്കുന്നു. അഞ്ചാം പ്രതി എം.ജെ രഞ്ജു കൂടി പിടിയിലായ ശേഷമായിരിക്കും രാഹുലിനെ വിളിപ്പിക്കുക. നിലവിൽ രഞ്ജു ഒളിവിലാണെന്ന നിഗമനത്തിലാണ് പൊലീസ്.
രാഹുലിനെ ചോദ്യം ചെയ്ത് മതിയായില്ലെന്ന നിലപാടിലാണ് പൊലീസ്. ആദ്യ ചോദ്യം ചെയ്യലിന്റെ സമയം പൊലീസിനുണ്ടായിരുന്നത് രണ്ട് സംശയങ്ങളാണ്. ഒന്ന്, രാഹുൽ ഒന്നും രണ്ടും പ്രതികളായ ഫെനി നൈനാനും ബിനിൽ ബിനുവിനും ഒളിവിൽപോകാന്‍ സ്വന്തം കാർ വിട്ടുനൽകിയത് എന്തിന്? രണ്ട്, ഫെനിയുടെയും ബിനിലിന്റെയും മൊബൈൽ ഫോണുകൾ ഒളിപ്പിക്കാൻ രാഹുൽ സഹായം ചെയ്തോ? ഈ രണ്ട് ചോദ്യങ്ങൾക്കും രാഹുൽ രാഹുലിന്റേതായ മറുപടി നൽകി.
ആ മറുപടികൾ മറ്റ് പ്രതികളുടെ മൊഴിയുമായി ചേർത്തുവെച്ച് പരിശോധിക്കും. പൊരുത്തക്കേടുകളുണ്ടായാലും ഇല്ലെങ്കിലും പൊലീസ് വീണ്ടും കാത്തിരിക്കും. ലക്ഷ്യം അഞ്ചാം പ്രതി രഞ്ജുവാണ്. പത്തനംതിട്ട എ ഗ്രൂപ്പിലെ പ്രമുഖനും യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റുമായ രഞ്ജു നിലവിൽ ഒളിവിലാണ്. ഇയാൾ പിടിയിലാകുന്നതോടെ വീണ്ടും രാഹുലിന് തിരുവനന്തപുരം മ്യൂസിയം സ്റ്റേഷനിൽ വരാൻ വീണ്ടും വഴിയൊരുങ്ങും.
രഞ്ജുവിൽ നിന്ന് ഒട്ടേറെ കാര്യങ്ങൾ പൊലീസിന് അറിയാനുണ്ട്. ഒപ്പം രഞ്ജു നാലാം പ്രതി വികാസ് കൃഷ്ണന് വ്യാജ കാർഡുണ്ടാക്കാൻ പണം നൽകിയതിന്റെ ഉറവിടവും പൊലീസ് സമാന്തരമായി അന്വേഷിക്കുന്നുണ്ട്. രാഹുലിന്റെ വിശ്വസ്തരിൽ ഒരാൾക്കൂടിയായ രഞ്ജുവിന്റെ പണമിടപാടിൽ രാഹുലിന്റെ സാന്നിധ്യമുണ്ടെന്ന സംശയം പൊലീസിനുണ്ട്. ഇത് സ്ഥിരീകരിക്കുന്നതിനുള്ള ശ്രമത്തിലാണ് പൊലീസ്.