തിരുവനന്തപുരം : ജയിൽമോചിതനായതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. ഇരുമ്പഴിക്കുള്ളിലായാലും ജനത്തിനായുള്ള പോരാട്ടത്തില്‍ ഒരടിപോലും പിന്നോട്ടുപോകില്ല. കിരീടം താഴെവയ്ക്കുക, ജനങ്ങള്‍ പിന്നാലെയുണ്ടെന്ന് രാജാവ് ഓര്‍ക്കണമെന്നും രാഹുല്‍ പറഞ്ഞു. പൂജപ്പുര ജയിലിൽനിന്നു മോചിതനായ ശേഷം യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അഭിസംബോധന ചെയ്തുള്ള പ്രസംഗത്തിലാണു രാഹുലിന്റെ പരാമർശം.
‘‘ഒൻപത് ദിവസമല്ല, ജീവപര്യന്തം ജയിലിലിട്ടാലും ഫാഷിസ്റ്റ് സര്‍ക്കാരിനെതിരായ പോരാട്ടത്തില്‍ ഒരടി പോലും പിറകോട്ട് പോകാന്‍ കേരളത്തിലെ യൂത്ത് കോണ്‍ഗ്രസ് പ്രസ്ഥാനം ഒരുക്കമല്ല. ഇനി എത്രയൊക്കെ ഇരുമ്പഴിക്കുള്ളിലാക്കിയാലും, പ്രവര്‍ത്തകരെ കല്യാശ്ശേരി മുതല്‍ തിരുവനന്തപുരം വരെ തല്ലിയൊതുക്കിയാലും, നമ്മൾ നാടിനും ജനങ്ങള്‍ക്കും വേണ്ടി, ഈ ജനത്തിനു വേണ്ടി മുന്നോട്ടുവച്ച പോരാട്ടത്തിൽനിന്ന് ഒരടി പോലും പിന്നോട്ട് പോകില്ല.
കഴിഞ്ഞ 9 ദിവസവും അതിന് മുൻപും നിര്‍ലോഭമായ പിന്തുണ നല്‍കിയ എന്റെ അമ്മ ഉള്‍പ്പെടെയുള്ള ഈ നാട്ടിലെ മുഴുവന്‍ അമ്മമാരോടും, ഈ നാട്ടിലെ മുഴുവന്‍ മലയാളികളോടുമുള്ള ഹൃദയത്തിന്റെ ഭാഷയിലെ നന്ദി, വരും ദിവസങ്ങളിലെ ശക്തമായ പോരാട്ടത്തിലൂടെ പ്രതിഫലിപ്പിക്കും. ഒരു കാര്യം ഈ നാടുവാഴുന്ന, രാജാവാണെന്ന് വിചാരിക്കുന്ന, പിണറായി വിജയനോട് സൂചിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. കിരീടം താഴെവയ്ക്കുക, ജനങ്ങള്‍ പിന്നാലെയുണ്ടെന്ന് കേരളത്തിന്റെ രാജാവ് ഓര്‍ക്കുന്നത് നല്ലതായിരിക്കും’’– രാഹുൽ പറഞ്ഞു.